kodiyeri

തിരുവനന്തപുരം: തിരഞ്ഞെടുപ്പിലേക്ക് കടക്കേണ്ട നിർണായക വർഷമായതിനാൽ തികഞ്ഞ ജാഗ്രതയോടെ നീങ്ങണമെന്ന് പാർട്ടി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിർദ്ദേശം.

സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധത്തിന് മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കർ പുറത്താക്കപ്പെട്ടത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഇവരുടെ യോഗം ഇന്നലെ രാവിലെ എ.കെ.ജി സെന്ററിൽ വിളിച്ചത്. ശിവശങ്കർ വിവാദത്തിൽ നിന്ന് പാഠമുൾക്കൊള്ളുമെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോടിയേരി വ്യക്തമാക്കിയിരുന്നു.

അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് വിവാദങ്ങൾക്ക് വഴിയൊരുക്കരുതെന്ന കർശന നിർദ്ദേശം പ്രൈവറ്റ് സെക്രട്ടറിമാർക്ക് കോടിയേരി നൽകി. സ്വന്തം വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രതിച്ഛായ മെച്ചപ്പെടുത്താനുതകുന്ന പ്രവർത്തനങ്ങളിലൂടെ സർക്കാരിന്റെ യശസ്സ് വീണ്ടെടുക്കണം. വകുപ്പുകളുമായി ബന്ധപ്പെട്ട ഫയൽ നീക്കങ്ങൾ കാര്യക്ഷമമാക്കണം. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പൂർത്തീകരണത്തിലുൾപ്പെടെ ക്രിയാത്മകമായ ഇടപെടലും മേൽനോട്ടവുമുണ്ടാവണം. വകുപ്പുകളുമായി ബന്ധപ്പെട്ട പദ്ധതി നിർദ്ദേശങ്ങളിൽ അഭിപ്രായങ്ങൾ മുന്നോട്ടു വയ്ക്കാനും പ്രൈവറ്റ് സെക്രട്ടറിമാരോട് കോടിയേരി നിർദ്ദേശിച്ചു.