തിരുവനന്തപുരം: ട്രഷറികളിൽ പെൻഷൻകാരുടെ തിരക്ക് കുറയ്ക്കാൻ അവരുമായി ബന്ധപ്പെട്ട നടപടികളും ഇടപാടുകളും ഓൺലൈൻ വഴി നിറവേറ്റാൻ ട്രഷറി ഡയറക്ടർ നിർദ്ദേശം നൽകി. പെൻഷൻ വിതരണത്തിനുള്ള നിലവിലെ ക്രമീകരണം തുടരും.
സ്ഥിര നിക്ഷേപത്തിന്റെ കാലാവധി കഴിയുമ്പോൾ തുടർന്നും നിക്ഷേപിക്കാൻ email.gov.in പോർട്ടൽ മുഖേന നിക്ഷേപകരെ അറിയിക്കണമെന്ന് നിർദ്ദേശം നൽകി. പുതുക്കാത്ത നിക്ഷേപങ്ങളുണ്ടെങ്കിൽ എസ്.എം.എസ് , ഇമെയിൽ വഴി അറിയിക്കണം.പെൻഷൻകാരുടെ വാർഷിക മസ്റ്രറിംഗിന് "ജീവൻ പ്രമാൺ" പോലുള്ള പോർട്ടലുകൾ ഉപയോഗിക്കാം. ലൈഫ് സർട്ടിഫിക്കറ്ര് സമർപ്പിക്കാൻ ഇ മെയിൽ ഉപയോഗിക്കാം. വാട്സ് ആപ്പ് വഴി ലൈഫ് സർട്ടിഫിക്കറ്ര് നൽകാം. കെ.വൈ.സി രേഖകൾ പരിശോധിച്ച് ട്രഷറി ഓഫീസർക്ക് വാട്സാപ്പ് കോൾ വഴി പെൻഷൻകാരെ മസ്റ്രർ ചെയ്യാം. ആധാർ ഇല്ലാത്ത പെൻഷൻകാർക്കും ലൈഫ് സർട്ടിഫിക്കറ്ര് മെയിൽ വഴി സമർപ്പിക്കാം. പെൻഷൻകാർക്ക് പെൻഷൻ പോർട്ടൽ വഴി ആദായ നികുതി സ്റ്രേറ്റ്മെന്റ് സമർപ്പിക്കാം. പെൻഷൻകാർ ആവശ്യപ്പെടുന്ന മുറയ്ക്ക് പെൻഷൻ വിവരങ്ങളും ഫോം 16 തുടങ്ങിയവയും മെയിൽ മുഖേന അയയ്ക്കാം. സംശയങ്ങളും പരാതികളും ട്രഷറി മെയിൽ വഴി അറിയിയ്ക്കാം. പണം ഒടുക്കുന്നതിന് ഇ-ട്രഷറി സൗകര്യം പ്രയോജനപ്പെടുത്താം.
ട്രഷറി സേവിംഗ്സ് അക്കൗണ്ടുള്ളവർക്ക് ട്രഷറിയിലേക്ക് വരാതെ പണം മറ്രേതെങ്കിലും സേവിംഗ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്രാം. അങ്ങനെ കഴിയാത്തവർക്ക് ഒപ്പിട്ട ചെക്കും അക്കൗണ്ട് വിവരങ്ങളും നൽകിയാൽ പണം നെഫ്റ്ര് വഴി അയച്ചുകൊടുക്കും.
തത്കാലം പാസ് ബുക്കിൽ അക്കൗണ്ട് വിവരങ്ങൾ പതിച്ചു നൽകില്ല.ബാലൻസ് അറിയാൻ പെൻഷൻ പോർട്ടൽ നോക്കാം.
ശമ്പള ബില്ലുകൾക്ക് ഹാർഡ് കോപ്പി നിർബന്ധമല്ല. ഡിജിറ്രൽ ഒപ്പോടുകൂടി ഇ.സബ് മിറ്ര് ചെയ്യുന്ന ശമ്പളേതര ബില്ലുകളും പാസാക്കും