തിരുവനന്തപുരം: വിമാനത്താവളത്തിലെത്തിക്കുന്ന സ്വർണമടങ്ങിയ ബാഗിന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കാൻ സരിത്ത് കോൺസുലേറ്റിന്റെ വ്യാജസീലുണ്ടാക്കിയത് സീൽ നിർമ്മിക്കുന്ന മെഷീൻ വാങ്ങിയാണ്. നെടുമങ്ങാട്ട് പ്രിന്റിംഗ് സ്ഥാപനമുണ്ടെന്ന് പറഞ്ഞാണ് മെഷീൻ വാങ്ങിയതെന്ന് സെക്രട്ടേറിയറ്റിനടുത്തെ കടയുടമ സുജിത് എൻ.ഐ.എയോട് വെളിപ്പെടുത്തി. കോൺസുലേറ്റിന്റെ വിവിധതരം സീലുകൾ സരിത്ത് നിർമ്മിച്ചു.
കോൺസുലേറ്റിലെ പി.ആർ.ഒ ആയിരിക്കെ, അവിടത്തെ സീലുകളുടെ മാതൃകകൾ സരിത്ത് ശേഖരിച്ചിരുന്നു. സ്വകാര്യസ്ഥാപനത്തിൽ നിർമ്മിച്ചാൽ കുഴപ്പമാവുമെന്ന് കണ്ടാണ് മെഷീൻ വാങ്ങിയത്. സ്വന്തം ലാപ്‌ടോപിൽ കോൺസുലേറ്റിന്റെ ലെറ്റർ പാഡും തയ്യാറാക്കി. കോൺസുലേറ്റിന്റെ പേരിലുള്ള കത്തിന്റെ പത്തിലധികം പകർപ്പ് സരിത്ത് എടുത്തതായി തിരുവല്ലത്തെ കമ്പ്യൂട്ടർ സ്ഥാപന ഉടമയും മൊഴി നൽകിയിട്ടുണ്ട്.
അറ്റാഷെയുടെ പേരിലെത്തുന്ന ബാഗ് ഏറ്റുവാങ്ങാൻ തന്നെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് രേഖപ്പെടുത്തിയ കോൺസുലേറ്റിന്റെ കത്ത് സരിത്ത് കാർഗോ വിഭാഗത്തിൽ നൽകിയിരുന്നു. ഇതിൽ വ്യാജ സീൽ പതിപ്പിച്ചിട്ടുണ്ട്. സമാനമായ രേഖകൾ ഉപയോഗിച്ചാണ് ദുബായിൽ നിന്ന് സ്വർണം അയച്ചതെന്നും എൻ.ഐ.എ കണ്ടെത്തി. തിരുവനന്തപുരത്തെത്തിയ ബാഗിനു പുറത്ത് ഡിപ്ലോമാറ്റിക് ബാഗേജെന്ന സ്റ്റിക്കറും യു.എ.ഇയുടെ സീലും പതിപ്പിച്ചിരുന്നു. ഇതും വ്യാജമാണ്. ഔദ്യോഗിക ചിഹ്നവും രേഖകളും ദുരുപയോഗം ചെയ്തത് യു.എ.ഇ സർക്കാരും അന്വേഷിക്കുന്നുണ്ട്.
സ്വർണക്കടത്ത് തുടങ്ങിയത്
ഒരു വർഷം മുൻപ്
സ്വപ്നയും കൂട്ടാളികളും ഒരു വർഷത്തിനിടെ 23 തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി 112.3 കോടിയുടെ സ്വർണം കടത്തിയെന്ന കസ്റ്റംസ് കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് എൻ.ഐ.എയ്ക്ക് കിട്ടിയ തെളിവുകൾ. സരിത്ത് സീലുണ്ടാക്കുന്ന മെഷീൻ വാങ്ങിയതും ലെറ്റർപാഡുണ്ടാക്കിയതും ഒരുവർഷം മുൻപാണ്. 2019 ജൂലായ് ഒമ്പത് മുതലാണ് കോൺസുലേറ്റിന്റെ പേരിലുള്ള കാർഗോയിൽ സ്വർണക്കടത്ത് തുടങ്ങിയത്. 152 കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ അയച്ചിട്ടുണ്ട്. 30 കിലോ സ്വർണം പിടികൂടിയ ബാഗിന്റെ ഭാരം 79 കിലോഗ്രാം ആയിരുന്നു. നയതന്ത്ര പരിരക്ഷയുടെ മറവിൽ ബാഗുകൾ പരിശോധനയില്ലാതെ വിട്ടുകിട്ടി. സരിത്താണ് 23 തവണയും കാർഗോ ക്ലിയർ ചെയ്തിരുന്നത്.