pinarayi

തിരുവനന്തപുരം: പ്രത്യേക പരിശീലനം കിട്ടിയിട്ടില്ലെങ്കിലും പൊലീസിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസിലെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും വികസനത്തിനും സാമ്പത്തികം തടസമാവില്ല. ആറ് പൊലീസ് സ്റ്റേഷനുകൾക്കായി നിർമ്മിച്ച പുതിയ കെട്ടിടങ്ങൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം സി​റ്റിയിലെ തുമ്പ, ഇടുക്കിയിലെ ഉടുമ്പൻചോല, പാലക്കാട്ടെ ആലത്തൂർ, കോങ്ങാട്, മലപ്പുറത്തെ പൂക്കോട്ടുംപാടം, കാടാമ്പുഴ എന്നീ സ്റ്റേഷനുകൾക്കാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. കാസർകോട് ജില്ലാ പരിശീലന കേന്ദ്രം, കോട്ടയം മുട്ടമ്പലത്തെയും പാലക്കാട് മങ്കരയിലെയും ക്വാർട്ടേഴ്സുകൾ, തൃശൂർ പൊലീസ് അക്കാഡമിയിലെ ബാരക്ക് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഓൺലൈനായി ചടങ്ങിൽ പങ്കെടുത്തു.