വെഞ്ഞാറമൂട്: ഗോപിയുടെ ജീവനും ജീവിതവുമാണ് ചുമട്ടുതൊഴിൽ. പ്രായം 72ലെത്തുമ്പോഴും തന്റെ കുടുംബത്തെ അന്നമൂട്ടിയ ആ തൊഴിലിനോട് ഗോപിക്കിന്നും പ്രണയമാണ്. അറുപത് വർഷമായി അതിരാവിലെ പിരപ്പൻകോട് നിന്ന് ചുമടെടുക്കാൻ വെഞ്ഞാറമൂട്ടിലെത്തുന്ന ഗോപി നാട്ടുകാർക്ക് ചിരപരിചിതനാണ്. വെഞ്ഞാറമൂട്ടിലെ ചുമട്ട് തൊഴിലാളികൾക്കിടയിൽ കൂടുതൽ ഭാരം ചുമക്കുന്നയാൾ എന്ന ഖ്യാതിയും ഗോപിക്കുണ്ട്. തലയിലും സൈക്കിളിലുമായി ഭാരം കയറ്റിയുള്ള ആ യാത്ര ഇന്നും തുടരുകയാണ്.
ഹെഡ് ലോഡ് യൂണിയൻ തൊഴിലാളിയായി വെഞ്ഞാറമൂട്ടിൽ ജോലി ചെയ്യുമ്പോഴും മൂന്ന് കിലോമീറ്റർ ദൂരം അരിയും, സിമന്റുമുൾപ്പെടെയുള്ള ചാക്ക് കെട്ടുകൾ തലയിലേന്തി തോടും, മലയുമെല്ലാം കടന്ന് ആവശ്യക്കാരിലേക്ക് എത്തിച്ചിരുന്നു. ആട്ടോറിക്ഷയുൾപ്പെടെയുള്ളവ എത്തിയതോടെ ഗോപിയുടെ വരുമാനം കുറഞ്ഞു. പക്ഷേ തോറ്റുകൊടുക്കാൻ ഗോപി തയ്യാറായില്ല. തുടർന്ന് ഒരു സെെക്കിൾ വാങ്ങി. വലിയ ഭാരങ്ങളുമായി സെെക്കിളിലായിരുന്നു പിന്നീടുള്ള യാത്ര. അഞ്ച് പായ്ക്കറ്റ് സിമന്റ് വരെ ഒരുമിച്ച് സെെക്കിളിൽ ആവശ്യക്കാർക്കെത്തിച്ചിരുന്നു. ആട്ടോറിക്ഷകൾക്ക് 250 രൂപ കൊടുക്കേണ്ടി വരുമ്പോൾ ഗോപിക്ക് 100 രൂപ മതി. വലിയ ഭാരം തലയിലേറ്റിയിട്ടാണെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകിയന്റെ സന്തോഷം ആമുഖത്തുണ്ട്. ഭാര്യ: ലളിത. മക്കൾ: ബിന്ദു, സിന്ധു (സിവിൽ സപ്ലെെസ്, അസിസ്റ്റന്റ് മാനേജർ), ഗോപൻ (ആട്ടോറിക്ഷാ തൊഴിലാളി).