ഉദ്യോഗാർത്ഥികൾ ആശങ്കയിൽ
തിരുവനന്തപുരം : വിവിധ സർവ്വകലാശാലകളിലെ അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് പി. എസ്. സി പ്രസിദ്ധീകരിക്കാൻ വൈകുന്നതിന്റെ മറവിൽ ഈ തസ്‌തികകളിൽ കരാർ നിയമനത്തിന് ധൃതി പിടിച്ച നീക്കം നടക്കുന്നതായി ആക്ഷേപം.
കുസാറ്റിൽ ഇതിനുള്ള വിജ്ഞാപനം ഇറക്കി അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. ഒരു വർഷത്തേക്കാണ് കരാർ നിയമനം എന്നാണ് വിജ്ഞാപനമെങ്കിലും മൂന്നു വർഷം വരെ തുടരാൻ കഴിയും.
സാദ്ധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ കരാർ നിയമന നീക്കത്തിൽ ആശങ്കയിലാണ്.
അപേക്ഷ ക്ഷണിച്ചിട്ട് രണ്ടുവർഷം
2018 നവംബർ 14 ന് വിജ്ഞാപനം ചെയ്‌ത തസ്തികയിലേക്ക് 2019 ജൂൺ 15 നായിരുന്നു പരീക്ഷ. കഴിഞ്ഞ ജനുവരി 22ന് സാദ്ധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായില്ല. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ വന്നതോടെ പരിശോധന മുടങ്ങി. മെയിൻ, സപ്ലിമെന്ററി സാദ്ധ്യതാ ലിസ്റ്റിൽ രണ്ടായിരത്തോളം പേരാണുള്ളത്.
പഴയ ലിസ്റ്റ് ലാപ്സായിട്ട് 11 മാസം
സർവകലാശാല അസിസ്റ്റന്റിന്റെ മുൻ റാങ്ക് ലിസ്റ്റ് ലാപ്സായിട്ട് പതിനൊന്ന് മാസം കഴിഞ്ഞു. ലിസ്റ്റിന്റെ മൂന്ന് വർഷ കാലാവധി 2019 ആഗസ്റ്റ് 9 നാണ് അവസാനിച്ചത്. 2266 പേർക്കാണ് ഇതിൽ നിന്ന് നിയമനം ലഭിച്ചത്.