വർക്കല: ജില്ലയുടെ തീരദേശത്തെ ഇടവ- പെരുമാതുറ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ ഒന്നിൽ കൊവിഡ് പരിശോധന വ്യാപകമാക്കി. അഞ്ചുതെങ്ങ് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തുകളിൽ 50 വീതം ആന്റിജൻ ടെസ്റ്റുകൾ നടത്തിയതിൽ അഞ്ചുതെങ്ങിൽ 20 പോസിറ്റീവ് കേസുകളും കടയ്ക്കാവൂരിൽ 3 കേസുകളും റിപ്പോർട്ടുചെയ്തു. കടയ്ക്കാവൂരിൽ കഴിഞ്ഞ ദിവസം ആർ.ടി.പി.സി.ആർ എടുത്ത 60 പേരിൽ 7പേർ പോസിറ്റീവായി. പോസിറ്റീവായ 30 പേരെ നെടുങ്ങണ്ട എസ്.എൻ.വി ജി.എച്ച്.എസ്.എസിലെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. വർക്കല നഗരസഭയിൽ 23 പേർക്കും ഇടവ ഗ്രാമപഞ്ചായത്തിൽ 9 പേർക്കും ആർ.ടി.പി.സി.ആർനടത്തി. വർക്കലയിൽ 18ന് പരിശോധിച്ച വെട്ടൂർ സ്വദേശിക്ക് കൊവിഡ് പോസിറ്റീവായി. ഇയാളെ എസ്.ആർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററായ നെടുങ്ങണ്ട എസ്.എൻ ട്രെയിനിംഗ് കോളേജിൽ പത്ത് കിടക്കകൾ കൂടി വർദ്ധിപ്പിച്ചു. ഇതോടെ ഇവിടെ 50 കിടക്കകളായി. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ട്രീറ്റ്മെന്റ് സെന്ററായ എസ്.എൻ.വി.ജി.എച്ച്.എസ്.എസിൽ കിടക്കകളുടെ എണ്ണം 70 ആക്കി. സോൺ ഒന്നിൽ സപ്ലൈകോയുടെ രണ്ട് വാഹനങ്ങളാണ് അവശ്യസാധനങ്ങൾ വിതരണം നടത്തുന്നത്. ഒരു വാഹനം ചിറയിൻകീഴ് ശാർക്കര, പുളുന്തുരുത്തി, മണ്ണാത്തിമൂല, കടയ്ക്കാവൂർ, വലിയകട പ്രദേശങ്ങളിലും രണ്ടാമത്തെ വാഹനം ഇടവ, വെൺകുളം, മരക്കടമുക്ക്, മാന്തറക്ഷേത്രം, സംഘംമുക്ക്, ചിലക്കൂർ, വളളക്കടവ് പ്രദേശങ്ങളിലുമാണ് വ്യാഴാഴ്ച എത്തിയത്. കെപ്കോ, ഹോർട്ടികോർപ്പ് വാഹനങ്ങളും ഇവിടങ്ങളിലെത്തുന്നുണ്ട്.