തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ വീണ്ടും ഏർപ്പെടുത്തുന്നതിനുള്ള സാദ്ധ്യത തള്ളാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിച്ചാവും തീരുമാനം. ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായം രേഖപ്പെടുത്തിക്കഴിഞ്ഞു. മറ്റ് തരത്തിലുള്ള അഭിപ്രായങ്ങളും ശേഖരിക്കുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും അതീവ ഗുരുതരമായ അവസ്ഥയാണെന്ന് മനസിലാക്കിയുള്ള ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കണം.
സമൂഹവ്യാപനസാദ്ധ്യത നിലനിൽക്കുന്നതിനാലാണ് ക്ലസ്റ്റർ രൂപീകരിച്ചുള്ള പ്രതിരോധനടപടികൾ. പലേടത്തും ഗുരുതരമായ സ്ഥിതി നിലനിൽക്കുന്നു. രോഗലക്ഷണമില്ലാത്തവരും രോഗവാഹകരാകുന്നത് അങ്ങേയറ്റത്തെ അപകടാവസ്ഥയാണ്. എവിടെയും രോഗമെത്തിപ്പെടാമെന്ന സ്ഥിതിയാണ് വിദഗ്ദ്ധർ കാണുന്നത്.
കോഴിക്കോട്ട് ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തുവിട്ട കണക്കിൽ ഒരാൾ മരിച്ച വിവരം മുഖ്യമന്ത്രിയുടെ കണക്കിലുണ്ടായില്ലെന്ന ആക്ഷേപത്തെപ്പറ്റി ചോദിച്ചപ്പോൾ, രോഗം സ്ഥിരീകരിച്ച ശേഷമുള്ള കണക്കാവും താൻ പറയുന്നതിലുണ്ടാവുക എന്നായിരുന്നു മറുപടി.