investigation

കാസർകോട്: തെളിവെടുപ്പിനിടെ പൊലീസിനെ തള്ളിമാറ്റി കടലിൽ ചാടിയ പോക്‌സോകേസ് പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെ അതുമായി ബന്ധപ്പെട്ട സംഭവങ്ങൾ അന്വേഷിക്കാൻ രണ്ട് ഡിവൈ.എസ്.പിമാരെ ജില്ലാ പൊലീസ് മേധാവി ഡി.ശില്പ ചുമതലപ്പെടുത്തി.

കുഡ്ലു കാളിയങ്കാട്ടെ മഹേഷ്(29) ആണ് കഴിഞ്ഞ ദിവസം രാവിലെ തെളിവെടുപ്പിനിടെ കാസർകോട് കീഴൂർ കടപ്പുറം പുലിമുട്ടിൽ നിന്ന് കടലിൽ ചാടിയത്. ഇന്നലെയും കോസ്റ്റൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും മഹേഷിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

മഹേഷ് പ്രതിയായ പോക്‌സോ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ.സതീഷ് കുമാറിനാണ് നൽകിയത്. ഇദ്ദേഹം ഇന്ന് അന്വേഷണം തുടങ്ങും. മഹേഷിന്റെ കൂടെ ദ്ര്യശ്യങ്ങൾ പകർത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന യുവാക്കളിൽ നിന്ന് പുതിയ മൊഴിയെടുക്കും.

പൊലീസിന്റെ തെളിവെടുപ്പിനിടെ രക്ഷപ്പെട്ട് കടലിൽ ചാടിയതിന് മഹേഷിനെതിരെ 225 (ബി) വകുപ്പ് പ്രകാരം കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ കേസും കടലിൽ ചാടാനിടയായ സംഭവങ്ങളും കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എം അസിനാറാണ് അന്വേഷിക്കുന്നത്.

എട്ടാംക്ലാസ് വിദ്യാർത്ഥിനിയുടെ കുളിമുറിദൃശ്യങ്ങൾ രഹസ്യമായി മൊബൈൽഫോണിൽ പകർത്തിയെന്ന പരാതിയിലാണ് മഹേഷിനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത ശേഷം കേസിൽ പ്രധാന തെളിവായ യുവാവിന്റെ മൊബൈൽ ഫോൺ കണ്ടെടുക്കാൻ പുലിമുട്ടിൽ എത്തിച്ചതായിരുന്നു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽഫോൺ രണ്ട് സുഹൃത്തുക്കളുടെ കൂടെ കണ്ട ശേഷം പുലിമുട്ടിലെ കല്ലിനിടയിൽ ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഈ ഫോൺ കണ്ടെടുക്കുമെന്ന് ഉറപ്പായതോടെയാണ് മഹേഷ് പൊലീസിനെ വെട്ടിച്ചു കൈവിലങ്ങോടെ കടലിലേക്ക് ചാടിയതെന്ന് പറയുന്നു. മഹേഷിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് വിദഗ്ധ പരിശോധനക്കായി കൈമാറി.