വർക്കല: മുട്ടപ്പലം ചാവടിമുക്കിലെ ഗുരുദേവക്ഷേത്രം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ തകർത്തതായി പരാതി. വർക്കല പി.‌ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയറുടെയും അയിരൂർ സി.ഐ പ്രശാന്തിന്റെയും നേതൃത്വത്തിലായിരുന്നു നടപടി. മൂന്നു വർഷമായി നിത്യപൂജ നടക്കുന്ന ക്ഷേത്രം തകർത്തതിനു പിന്നിൽ രാഷ്ട്രീയവിരോധമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇന്നലെ രാവിലെ 11.30ഓടെ ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചുതകർത്തത്. വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരും എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ നേതാക്കളും സ്ഥലം സന്ദർശിച്ചു. ഗുരുദേവക്ഷേത്രം തകർത്തതിനു പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി എസ്.ആർ.എം, യൂണിയൻ കോ ഓർഡിനേറ്റർ ജി. ശിവകുമാർ, വർക്കല ബോബി, പ്രസാദ് പ്ലാവഴികം, യൂത്ത് മൂവ്മെന്റ് നേതാക്കളായ രജനു പനയറ, അനൂപ് വെന്നികോട് എന്നിവർ പറഞ്ഞു. സംഭവ സ്ഥലത്തെത്തിയ വിശ്വാസികളെ പൊലീസ് ആട്ടിയോടിക്കുകയായിരുന്നെന്നും ഇവർ പറഞ്ഞു.