തിരുവനന്തപുരം: നിയമസഭാ സമ്മേളനം മാറ്റിവച്ചത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മുന വച്ച മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷനേതാവ് അങ്ങനെ പറഞ്ഞോയെന്ന് ചോദിച്ച മുഖ്യമന്ത്രി, അദ്ദേഹം അങ്ങനെ പ്രതികരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പറഞ്ഞു.
'പ്രതിപക്ഷനേതാവുമായി ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തത്. അത്രത്തോളമേ ഞാനിപ്പോൾ പറയുന്നുള്ളൂ. '- മുഖ്യമന്ത്രി പറഞ്ഞു.സമ്മേളനം മാറ്റി വയ്ക്കുന്നതിന് പ്രതിപക്ഷനേതാവ് എതിർപ്പറിയിച്ചില്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു പ്രതികരണം. അവിശ്വാസപ്രമേയത്തെ നേരിടാൻ സർക്കാരിന് ഒരു പ്രയാസവുമില്ല
65ന് മുകളിൽ പ്രായമുള്ളവരാണ് പല എം.എൽ.എമാരുമെന്നത് സർക്കാരിന് നേരത്തേ അറിയുമായിരുന്നില്ലേയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോദ്യം ചൂണ്ടിക്കാട്ടിയപ്പോൾ, അടുത്തകാലത്ത് അദ്ദേഹം ഉന്നയിച്ച ഗൗരവമായ ചോദ്യമാണത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. രോഗവ്യാപനം ഇത്തരത്തിൽ പെട്ടെന്ന് വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചില്ല. പെട്ടെന്ന് രോഗികളുടെ എണ്ണം പ്രതിദിനം ആയിരം കടക്കുന്ന സ്ഥിതിയായി. ഏറ്റവുമധികം രോഗികളുള്ള തിരുവനന്തപുരത്ത് സഭാസമ്മേളനം നടക്കുമ്പോൾ അറുപതിനും എഴുപതിനും മുകളിൽ പ്രായമുള്ളവരും കുറേ മണിക്കൂറുകൾ ഒന്നിച്ചിരിക്കേണ്ടി വരും. വായു സഞ്ചാരമില്ലാത്ത അടച്ചിട്ട മുറിയിൽ എയർകണ്ടിഷൻ പ്രവർത്തിപ്പിക്കണം. ഇതെല്ലാം രോഗവ്യാപന സാദ്ധ്യത വർദ്ധിപ്പിക്കും. ഇങ്ങനെ ധൃതിപ്പെട്ട് സമ്മേളനം നടത്തേണ്ടിയിരുന്നോയെന്ന് കുറേക്കഴിഞ്ഞ് ചിന്തിക്കേണ്ടി വന്നാൽ, എത്ര വലിയ കുറ്റബോധമാണുണ്ടാവുക?- മുഖ്യമന്ത്രി ചോദിച്ചു.