covid19

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം കൂടുതൽ സങ്കീർ‌ണമാക്കി തുടർച്ചയായ രണ്ടാംദിവസവും വൈറസ്ബാധിതർ ആയിരം കവിഞ്ഞു. ഇന്നലെ 1078 പേർക്ക് രോഗം സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

798 പേർ സമ്പർക്ക രോഗികളാണ്. 65 പേരുടെ ഉറവിടം അറിയില്ല. ചികിത്സയിലിരുന്ന തിരുവനന്തപുരം സ്വദേശി രവീന്ദ്രൻ (73), കോഴിക്കോട് കോയൂട്ടി (57), എറണാകുളത്ത് ലക്ഷ്മി കുഞ്ഞൻപിള്ള (79) എന്നിവർ ഇന്നലെ മരിച്ചു. ഈമാസം 21ന് കൊല്ലത്ത് മരിച്ച റഹിയാനത്ത് (58), കണ്ണൂരിലെ സദാനന്ദൻ (60) എന്നിവർക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ആകെ മരണം 50ആയി.

തലസ്ഥാന ജില്ലയിൽ 222 രോഗികളിൽ 206 പേരും സമ്പർക്കരോഗികളാണ്. മൂന്നുപേർ കോർപറേഷൻ കൗൺസിലർമാരാണ്. കൊല്ലത്ത് 106ൽ 103, എറണാകുളത്ത് 100ൽ 98, കോഴിക്കോട് 56 കോട്ടയം 52, ഇടുക്കി 49, ആലപ്പുഴ 46, കാസർകോട് 41, തൃശൂരും പാലക്കാടും 40, മലപ്പുറം 29 , പത്തനംതിട്ട 24 , കണ്ണൂർ 12, വയനാട് 3 എന്നിങ്ങനെയാണ് സമ്പർക്കരോഗികൾ. 104 പേർ വിദേശത്തു നിന്നും 115 പേർ സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 432 പേർ രോഗമുക്തരായി.

32 ആരോഗ്യ പ്രവർത്തകർ കൂടി

തിരുവനന്തപുരം, കണ്ണൂർ 7 വീതം, ഇടുക്കി 6, ആലപ്പുഴ, കോട്ടയം 3, കോഴിക്കോട് 2, പത്തനംതിട്ട, എറണാകുളം, തൃശൂർ, കാസർകോട് ഒന്ന് വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

സമ്പൂർണ ലോക്ക് ഡൗൺ
തീരുമാനം തിങ്കളാഴ്ച

# മേഖല തിരിച്ച് ഏർപ്പെടുത്താൻ സാദ്ധ്യത

തിരുവനന്തപുരം: കൊവിഡ് വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്ന കാര്യത്തിൽ തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുക്കും.

ഇന്നലെ മന്ത്രിസഭായോഗത്തിൽ രണ്ട് അഭിപ്രായമുണ്ടായി. പൂർണ അടച്ചിടലാണ് ഫലപ്രദമെന്ന് ഒരു വിഭാഗം വാദിച്ചു. ചില ജില്ലകളിലെ പ്രത്യേക പ്രദേശങ്ങളിൽ ഇത് ഏറെ ഗുണം ചെയ്തെന്നും രോഗവ്യാപനം കുറയ്ക്കാനായെന്നും അവർ ചൂണ്ടിക്കാട്ടി.

തകർന്നുകിടക്കുന്ന സാമ്പത്തിക സ്ഥിതിയിൽ സമ്പൂർണ അടച്ചിടൽ ദുരിതം കൂട്ടുമെന്നായിരുന്നു എതിർവാദം. കടം വാങ്ങാൻപോലും ശേഷിയില്ലാതെ സാധാരണ ജനത കഷ്ടപ്പെടുകയാണ്.കൊവിഡിനൊപ്പം സഞ്ചരിക്കുകയാണ് പോംവഴി. ക്ലസ്റ്റർ നിയന്ത്രണങ്ങൾ കർക്കശമാക്കണമെന്ന് ചില മന്ത്രിമാർ പറഞ്ഞു.

വിദഗ്ദ്ധരുമായുംമറ്റും ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.