തിരുവനന്തപുരം: ഇന്നലെ നഗരസഭയിലെ മൂന്നു കൗൺസിലർമാർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ പോസിറ്റീവായ കൗൺസിലർമാരുടെ എണ്ണം ഏഴായി. വഞ്ചിയൂർ കൗൺസിലർ പി.ബാബു, തമ്പാനൂർ കൗൺസിലർ ജയലക്ഷ്മി,ചെല്ലമംഗലം കൗൺസിലർ സുദർശനൻ എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.എന്നാൽ ഇവരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം രോഗം ബാധിച്ചത് ചെറുവയ്ക്കൽ വാർഡിലെ അലത്തറ അനിൽകുമാർ, പട്ടത്തെ രമ്യാരമേശ്,മുട്ടടയിലെ ഗീതാഗോപാൽ,വാഴോട്ടുകോണത്തെ ഹെലൻ എന്നീ കൗൺസിലർമാർക്കാണ്. ഇവരുടെയും ഉറവിടം വ്യക്തമല്ലെങ്കിലും സമ്പർക്കം വഴിയാണ് രോഗം പകർന്നതെന്നാണ് കരുതുന്നത്. കൗൺസിലർമാരെയെല്ലാം ഫസ്റ്റ്ലെെൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. ഇതുവരെയും മുഴുവൻ കൗൺസിലർമാരെയും പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. രോഗം സ്ഥിരീകരിച്ചവരുടെ റൂട്ട്മാപ്പ് തയ്യാറാക്കുന്നത് ആരോഗ്യവകുപ്പിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയായി തുടരുകയാണ്. അവരവരുടെ വാർഡുകളിൽ അണുനശീകരണവും ശുചീകരണമടക്കമുള്ള പ്രവർത്തനങ്ങളിലും ഇവർ സജീവമായിരുന്നു. ചിലരാകട്ടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് വീടുകളിലും സന്ദർശനം നടത്തിയി. ഇവരുമായി അടുത്ത കാലത്ത് സമ്പർക്കം പുലർത്തിയവർ സ്വയമേ ക്വാറന്റെെനിൽ പോകണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇത്രയധികം ജനപ്രതിനിധികൾക്ക് രോഗബാധയുണ്ടാവുന്നതും ആദ്യമാണ്. രോഗം സ്ഥിരീകരിച്ച കൗൺസിലർമാരിൽ ഒരാൾ സന്ദർശിച്ച നഗരസഭ ഉള്ളൂർ സോണൽ ഓഫീസ് താത്കാലികമായി അടച്ചിരുന്നു.
എം.എൽ.എ ക്വാറന്റൈനിൽ
ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐ.ബി. സതീഷ് എം.എൽ.എ ക്വാറന്റൈനിൽ പ്രവേശിച്ചു. ഇതോടെ എം.എൽ.എയുടെ ഓഫീസുകൾ പൂട്ടി.കൊവിഡ് പോസിറ്റീവായ ഡ്രൈവറെ താന്നിവിള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. നിലവിൽ എം.എൽ.എയുടെ ഓഫീസിലെ അഞ്ച് ജീവനക്കാർ വിവിധയിടങ്ങളിൽ നിരീക്ഷണത്തിലാണ്. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന സി.പി.എം നേതാവ് ഉൾപ്പെടെയുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. ഇന്നലെ ചേരാനിരുന്ന സി.പി.എം.മലയിൻകീഴ് ലോക്കൽ കമ്മിറ്റിയും മാറ്റിവച്ചു. വിവിധ സി.പി.എം യോഗങ്ങളിലും സംഘടനാ പരിപാടികളിലും എം.എൽ.എയോടൊപ്പം ഡ്രൈവറുടെ സാന്നിദ്ധ്യവുമുണ്ടായിട്ടുണ്ട്. വിളപ്പിൽ, മാറനല്ലൂർ, വിളവൂർക്കൽ മലയിൻകീഴ് പഞ്ചായത്ത് പ്രദേശങ്ങളിൽ 20 ലേറെ പേർക്ക് ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.