secr

തിരുവനന്തപുരം: ഐ.ടി വകുപ്പിന്റെ പ്രവൃത്തികളുടെ കൺസൾട്ടൻസി കരാറിൽ നിന്ന് ലണ്ടൻ ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ സർക്കാർ ഒഴിവാക്കിയേക്കും.

മുഖ്യമന്ത്രിയുട മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ നടപടികൾ അന്വേഷിക്കുന്ന ചീഫ് സെക്രട്ടറിയുടെ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് നടപടി. ഐ.ടി വകുപ്പിന്റെ കൺസൾട്ടിംഗ് പ്രവർത്തനങ്ങളിൽ നിന്ന് പി.ഡബ്ല്യൂ.സിയെ വിലക്കണമെന്നാണ് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും അഡി.ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിംഗും അടങ്ങിയ കമ്മിറ്രി നിർദ്ദേശിച്ചത്. ഇവരുടെ ശുപാർശ പ്രകാരമാണ് ശിവശങ്കറിനെ സസ്പെൻഡ് ചെയ്തതും ഐ.ടി വകുപ്പിലും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും നടന്ന നിയമനങ്ങൾ ധനകാര്യ പരിശോധന വിഭാഗം പരിശോധിക്കുന്നതും. സ്വ‌ർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നയ്ക്ക് സ്പെയ്‌സ് പാർക്കിൽ ജോലി ലഭിച്ചത് ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ രേഖാമൂലമുള്ള ശുപാർശ പ്രകാരമാണെന്ന് കമ്മിറ്രി കണ്ടെത്തിയിരുന്നു. പി.ഡബ്ല്യു.സി വഴി നികത്തേണ്ട മൂന്ന് തസ്തികകളാണ് സ്പെയ്‌സ് പാർക്കിലുണ്ടായിരുന്നത്. ഒരു തസ്തിക മാത്രമേ പി.ഡബ്ല്യൂസി വഴി നടത്തിയുള്ളൂ. അത് വിഷൻടടെക് വഴിയാണ് നടത്തിയത്. മറ്ര് തസ്തികകളിലേക്കുള്ള നിയമനം കേരള ഐ.ടി ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് ജോലിക്രമീകരണം വഴിയായിരുന്നു. കെ.എസ്.ഐ.ടി.എല്ലിന്റെയും ഐ.ടി വകുപ്പിന്റെയും കൺസൾട്ടൻസികളിൽ നിന്ന് ഒഴിവാക്കുമെങ്കിലും ശബരിമല വിമാനത്താവളത്തിന്റെ കൺസൾട്ടൻസിയിൽ നിന്ന് പി.ഡബ്ല്യൂസിയെ ഒഴിവാക്കാൻ സാദ്ധ്യതയില്ല. എന്നാൽ ഇ-മൊബിലിറ്രിയിൽ നിന്ന് ഒഴിവാക്കുമെന്നുറപ്പായി.