മേഖല തിരിച്ച് നടപ്പാക്കാൻ സാദ്ധ്യത
തിരുവനന്തപുരം: കൊവിഡിനെ പിടിച്ചുകെട്ടാൻ സംസ്ഥാനം മുഴുവൻ വീണ്ടും അടച്ചിടണമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെങ്കിലും ഇന്നലത്തെ മന്ത്രിസഭായോഗത്തിൽ ഭിന്നാഭിപ്രായമാണുണ്ടായത്. ഇന്നത്തെ സർവ്വകക്ഷിയോഗത്തിലെ അഭിപ്രായം കൂടി പരിഗണിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സർക്കാർ.
ഒരാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺപോലും വൻ തിരിച്ചടിയാവുമെന്ന് ചില കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു. തൊഴിൽ, നിർമ്മാണ മേഖല സ്തംഭിക്കുമെന്നാണ് ആശങ്ക. എലിയെ പേടിച്ച് ഇല്ലം ചുടുന്നതുപോലെയെന്നാണ് വിമർശനം.
പ്രതിദിന രോഗവ്യാപനം ആയിരം കടന്നെങ്കിലും അത് സംസ്ഥാനം മുഴുവൻ ഒരുപോലെയല്ല. നൂറിൽ താഴെയാണ് പല ജില്ലകളിലേയും പ്രതിദിന വ്യാപനം. അതും ചില പ്രദേശങ്ങളിൽ മാത്രമാണ്. യാത്രാവിലക്കും കർശനമായ കണ്ടെയ്മെന്റ് സംവിധാനവും നടപ്പാക്കിയാൽ രോഗവ്യാപനം നിയന്ത്രിക്കാമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രസർക്കാർ
സമ്പൂർണ ലോക്ക് ഡൗൺ ഇനി അനാവശ്യം. മേഖലതിരിച്ചുള്ള നിയന്ത്രണങ്ങളും വ്യക്തിഗത കരുതൽ നടപടികളും സാമൂഹ്യഅകലവും ക്വാറന്റൈനും കർശനമായി പാലിച്ചാൽ മതി
ഐ.എം.എ
സമ്പൂർണ ലോക്ക് ഡൗൺ ഇനി വേണ്ട. നിയന്ത്രണങ്ങളും കരുതലും മതിയാകും.
ആശങ്ക സൃഷ്ടിക്കുന്നത്
1.ആറുമാസമായി തൊഴിൽ നഷ്ടം അനുഭവിക്കുന്ന ജനങ്ങൾ പ്രകോപിതരായി തെരുവിലിറങ്ങാനിടയുണ്ട്.
2.കൂലിതൊഴിലാളികൾ, ചുമട്ടുപണിക്കാർ, കൃഷിതൊഴിലാളികൾ, മീൻപിടിത്തക്കാർ തുടങ്ങി അടിസ്ഥാന തൊഴിൽ വിഭാഗങ്ങൾ പട്ടിണിയിലാകും.
3.ആദ്യലോക്ക് ഡൗൺ വേളയിൽ ഏറ്റെടുത്ത കമ്മ്യൂണിറ്റി കിച്ചണുകൾ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് സാമ്പത്തിക ശേഷിയില്ല.
4.തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആദ്യഘട്ടത്തിൽ സർക്കാർ 1000 രൂപവീതം നൽകിയിരുന്നു. വീണ്ടും നൽകാൻ കഴിയില്ല.
5 ഉത്പാദന, നിർമ്മാണ മേഖലയ്ക്ക് വൻ തിരിച്ചടിയാകും.