plus-one-

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പ്ലസ് വൺ പ്രവേശന നടപടികൾ കൂടുതൽ ലളിതമാക്കി. മുൻ വർഷങ്ങളിലെ പോലെ ഏകജാലക സംവിധാനത്തിൽ ഓൺലൈനായാണ് അപേക്ഷാ സമർപ്പണ നടപടികളെങ്കിലും ഇത്തവണ അപേക്ഷാഫീസ് അപേക്ഷയോടൊപ്പം അടയ്ക്കേണ്ടതില്ല. പ്രവേശനം ലഭിച്ച് സ്‌കൂളിൽ ചേരുമ്പോൾ ഫീസ് നൽകിയാൽ മതി. ഓൺലൈൻ പ്രവേശന നടപടികൾ പൂർത്തിയാക്കിയാൽ അവയുടെ പ്രിന്റൗട്ട് എടുത്ത് സ്‌കൂളിൽ നൽകുന്ന രീതിയും ഇപ്രാവശ്യമില്ല. മൊബൈൽ ഫോൺ ഉപയോഗിച്ചും അപേക്ഷ അയക്കാനാകും.

ഏകജാലക വെബ്‌സൈറ്റിൽ അപേക്ഷാ നടപടികൾ ആരംഭിക്കുമ്പോൾ എസ്.എസ്.എൽ.സി കഴിഞ്ഞവർ രജിസ്റ്റർ നമ്പർ നൽകിയാൽ അവരുടെ മാർക്ക് വിശദാംശങ്ങൾ സൈറ്റിൽ തന്നെ ലഭ്യമാകും. സി.ബി.എസ്.ഇയോ മറ്റ് ബോർഡ് പരീക്ഷകളോ ജയിച്ചവരാണെങ്കിൽ ഓരോ വിഷയത്തിന്റെയും മാർക്ക് അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കാൻ സ്വകാര്യ കംപ്യൂട്ടർ സെന്ററുകളിലേക്കോ അക്ഷയ കേന്ദ്രങ്ങളിലോ പോകാതെ സ്വയം ചെയ്യാനുമാകും. സ്വന്തമായി അപേക്ഷ സമർപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ പഠിച്ച സ്കൂളിലെ ഹെൽപ് ഡെസ്കിനെയോ സമീപത്തുള്ള സ്കൂളിലെ ഹെൽപ് ഡെസ്കിനെയോ ആശ്രയിക്കാം. ഹെൽപ് ഡെസ്‌കുകൾ പ്രവേശന നടപടികൾ ആരംഭിക്കുന്ന 29 മുതൽ അവസാനിക്കുന്ന ആഗസ്റ്റ് 14 വരെ പ്രവർത്തിക്കും. മേഖലാ, ഉപജില്ലാ, ജില്ലാ തലങ്ങളിലും ഹെൽപ് ഡെസ്‌കുൾ ഒരുക്കുന്നുണ്ട്.
ഹയർ സെക്കൻഡറി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം അപേക്ഷാ നടപടികൾ പൂർത്തിയായ ശേഷമേ ഉണ്ടാകൂ.