തിരുവനന്തപുരം: ചാലയിൽ രോഗവ്യാപനം രൂക്ഷമായതോടെ മൂന്നു ദിവസം മാർക്കറ്റ് അടച്ചിടാൻ തീരുമാനിച്ചതായി വ്യാപാരി സംഘടനകളും ട്രേഡ് യൂണിയനുകളും സംയുക്തമായി അറിയിച്ചു. ഇന്നലെ നടത്തിയ അന്റിജെൻ പരിശോധനയിൽ അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ചാലയിൽ സ്ഥിതി സങ്കീർണമാണെന്നും കണ്ടതിനെ തുടർന്നാണ് തീരുമാനം. ഇന്നു മുതൽ ഞായറാഴ്ച വരെ മാർക്കറ്റുകൾ തുറക്കില്ലെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ മൂന്നു ദിവസമായി 20ഓളം പേർക്ക് ചാലയിൽ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ഇതുവരെയും പുറത്തുവിട്ടില്ല. രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയെന്നാണ് വിവരം. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ചാലയിൽ ആരോഗ്യ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. രോഗം വ്യാപിക്കാതിരിക്കാൻ കമ്പോളത്തിലെ മുഴുവൻ പേരെയും പരിശോധനയ്ക്ക് വിധേയരാക്കും. ചാലയിലേക്ക് പ്രവേശിക്കുന്ന റോഡിലും തിരികെ പോകുന്നിടത്തും പൊലീസ് പരിശോധനയുണ്ടാകും. കമ്പോളവും പരിസരവും ഇന്നലെ അണുവിമുക്തമാക്കിയിരുന്നു.

വിലക്ക് ലംഘനം 71 പേർക്കെതിരെ കേസ്
മാസ്‌ക് ധരിക്കാത്ത 128 പേർക്കെതിരെ നിയമനടപടി

ഒരാൾക്കെതിരെ കേസ്

നഗരത്തിൽ ഹോം ക്വാറന്റൈൻ ലംഘനം നടത്തിയ ഒരാൾക്കെതിരെ കേസെടുത്തു. ഇയാൾ വിഴിഞ്ഞം നെട്ടത്താന്നി സ്വദേശിയായ 21 കാരനാണ്. കുടുംബത്തിലെ രണ്ടുപേർ കൊവിഡ് ബാധിതരായി ചികിത്സയിലായതിനെ തുടർന്ന് ഇയാൾ ഹോം ക്വാറന്റൈനിലായിരുന്നു. നിരന്തരമുള്ള പൊലീസ് പരിശോധനയിൽ ക്വാറന്റൈൻ ലംഘിച്ചതായി കണ്ടെത്തിയതോടെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി.