internet-fraud

കാസർകോട്: മിലിട്ടറി ഉദ്യോഗസ്ഥൻ ചമഞ്ഞ് ഓൺലൈൻ തട്ടിപ്പ് നടത്തുന്ന ആൾക്കെതിരെ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി. കോളിച്ചാൽ പുതുപ്പറമ്പിലെ ആദർശ് സജിയുടെ പരാതിയിലാണ് രാജപുരം പൊലീസ് അന്വേഷണം നടത്തുന്നത്. തട്ടിപ്പിൽ കുടുങ്ങി ആദർശിന് നഷ്ടമായത് അരലക്ഷത്തോളം രൂപയാണ്. സ്വപ്ന എന്ന ഫേസ്ബുക്ക് പേജിൽ സെക്കന്റ് ഹാന്റ് ബൈക്ക് വിൽപ്പന നടത്തുന്നതായി പരസ്യമുണ്ടായിരുന്നു. ഇതിൽ വിശ്വസിച്ച ആദർശ് മുൻകൂർ തുക അയച്ചുകൊടുക്കുകയായിരുന്നു.

ബംഗളൂരുവിൽ ഇന്ത്യൻ ആർമിയിൽ ഉദ്യോഗസ്ഥനാണെന്ന് ഫേസ് ബുക്കിൽ പരിചയപ്പെടുത്തിയ ആൾ മിലിട്ടറി യൂണിഫോമിലുള്ള വീഡിയോ ആദർശിന് അയച്ചുകൊടുത്തിരുന്നു. ബൈക്ക് വാങ്ങാൻ സന്നദ്ധത അറിയിച്ച ആദർശ് പാർസൽ ചാർജായി ആവശ്യപ്പെട്ട 6500 രൂപയും വാഹനത്തിന്റെ അഡ്വാൻസ് തുകയായി 24000 രൂപയും ഗൂഗിൽ പേ വഴി അയച്ചു. ആർമിയുടെ പാർസൽ സർവീസിൽ ജൂലായ് 15ന് ബൈക്ക് കയറ്റി അയച്ചതായി കാണിച്ച് ആദർശിന് ബില്ലും ലഭിച്ചു. തുടർന്ന് അഡ്രസ് ലൊക്കേറ്റ് ചെയ്യാൻ ജി.പി.എസ് സർവീസ് തുകയായി 14,700 രൂപ ആവശ്യപ്പെട്ടപ്പോൾ അതും നൽകി.

ചെക്ക് പോസ്റ്റിൽ നികുതി അടക്കണമെന്നുപറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് ആദർശിന് സംശയം തോന്നിയത്. കൊല്ലം ജില്ലയിൽ രജിസ്റ്റർ ചെയ്ത ബൈക്കിന്റെ ചിത്രം കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.