നീലേശ്വരം: സ്വകാര്യ ബസ് കണ്ടക്ടർ തൈക്കടപ്പുറത്തെ പി.വി സൂരജിന്റെ (20) മരണത്തിൽ ദുരൂഹതയേറുന്നു. നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം നീലേശ്വരം എസ്.ഐ കെ.പി സതീഷ് ജില്ലാ ആശുപത്രി മോർച്ചറിയിൽ ഇൻക്വസ്റ്റ് നടത്തി വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിതൃസഹോദരൻ തൈക്കടപ്പുറം മാട്ടുമ്മൽ ഹൗസിൽ പി പവിത്രന്റെ പരാതിയിൽ അസ്വാഭാവികമരണത്തിന് നീലേശ്വരം പൊലീസ് കേസെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് തൈക്കടപ്പുറം ബോട്ടുജെട്ടിക്ക് സമീപം പുഴയിലാണ് സൂരജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കാണാനില്ലെന്ന പിതാവ് സുരേന്ദ്രന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം പുഴയിൽ കാണപ്പെട്ടത്. മുഖത്ത് പോറലും പരിക്കും കാണപ്പെട്ടതോടെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഫോറൻസിക് സർജനെ കൊണ്ട് പോസ്റ്റുമോർട്ടം നടത്തിക്കാനാണ് പൊലീസ് തീരുമാനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് പറഞ്ഞു.