തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ആശുപത്രികളിൽ സന്ദർശകരെ കർശനമായി വിലക്കിയതായി കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാൾ മാത്രമേ പാടുള്ളു. കൂട്ടിരിപ്പുകാർ മാസ്കും ഫേസ് ഷീൽഡും നിർബന്ധമായും ഉപയോഗിക്കണം. ആശുപത്രികൾക്ക് ഇതുസംബന്ധിച്ച മാർഗനിർദ്ദേശം നൽകി. ഒ.പി സംവിധാനം പരമാവധി ഓൺലൈൻ വഴിയാക്കണം ടെലിമെഡിസിൻ സംവിധാനം പ്രയോജനപ്പെടുത്തണം. ആശുപത്രി ജീവനക്കാർ മാസ്ക് ഗ്ലൗസ്, ഫേസ് ഷീൽഡ്, സർജിക്കൽ ഗൗൺ എന്നിവ നിർബന്ധമായും ധരിച്ചിരിക്കണം. ഇക്കാര്യം ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം. താലൂക്ക് ആശുപത്രികൾക്ക് 200 ആന്റിജൻ കിറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ നൽകണം. ആവശ്യമെന്നു തോന്നിയാൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തണം. പരിശോധനാ വിവരങ്ങൾ മെഡിക്കൽ ഓഫീസർ സൂക്ഷിക്കണം. കണ്ടെയിൻ്മെന്റ് സോണിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ/ജില്ലകളിൽ നിന്നുമെത്തുന്നവർക്ക് പ്രത്യേക ഒ.പി സംവിധാനമൊരുക്കണം. കൊവിഡ് സംശയമുള്ള രോഗികൾ ആശുപത്രിയിലെത്തിയാൽ ഉടൻ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.