sabha

തിരുവനന്തപുരം: കൺസൾട്ടൻസി വിവാദം കത്തിനിൽക്കെ നിയമസഭയുടെ കീഴിലുള്ള സഭാ ടി.വിയുടെ ഓൺലൈൻ പ്രചരണച്ചുമതല ടെണ്ടർ വിളിക്കാതെ സ്വകാര്യ കമ്പനിക്ക് നൽകിയത് പുതിയ വിവാദത്തിന് വഴിതുറന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്‌റ്റാർട്ടപ്പ് കമ്പനിക്കാണ് നിയമസഭയുടെ ഒ.ടി.ടി പ്ളാറ്റ്ഫോം തയ്യാറാക്കാനുള്ള കരാർ 47 ലക്ഷം രൂപയ്ക്ക് നൽകിയത്. അരക്കോടിയോളം രൂപയുടെ കരാർ നൽകുമ്പോൾ ഓപ്പൺ ടെണ്ടർ വിളിക്കണമെന്നതടക്കമുള്ള ചട്ടങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം. കുറഞ്ഞ തുകയ്ക്ക് കരാർ എടുക്കാമെന്ന് മറ്റ് രണ്ട് കമ്പനികൾ അറിയിച്ചിട്ടും ടെണ്ടർ വിളിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലത്രേ. പകരം അന്ന് ഐ.ടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ച് ഈ കമ്പനിയെ തിരഞ്ഞെടുക്കുകയായിരുന്നു. ടെണ്ടർ വിളിച്ചിട്ടില്ലെന്ന കാര്യം നിയമസഭാ സെക്രട്ടറിയും സമ്മതിച്ചിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്‌ഫോം തയാറാക്കാൻ സജ്ജമായ കേരളത്തിലെ ഏക സ്റ്റാർട്ടപ്പ് ഈ കമ്പനി മാത്രമാണെന്നും

നിയമസഭ സെക്രട്ടറിയേറ്റ് വിശദീകരിച്ചു.

അതിനിടെ സഭാ ടി.വിയുമായി സജീവമായി ഇടപെട്ടുവന്ന കമ്പനിയുടെ ജീവനക്കാരി അടുത്തിടെ രാജിവച്ചതും ദുരൂഹത കൂട്ടി. മറ്റൊരു ബിസിനസ് തുടങ്ങുന്നതിനാൽ നീതു രാജിവച്ചെന്നാണ് കമ്പനിയുടെ വിശദീകരണം.