photo1

പാലോട്: മഞ്ഞുതുള്ളികളെ മാറോട് ചേർത്ത് തണുപ്പിലേക്കലിയുന്ന പച്ചപ്പിന്റെ ലോകം, കാട്ടുജാതിക്കാമരങ്ങളുള്ള ശുദ്ധജല കണ്ടൽചതുപ്പ്. കാലം വഴിതെറ്റി യാത്ര തുടങ്ങിയതോടെ ആ സമ്പത്ത് പശ്ചമഘട്ടത്തിന്റെ ഓരത്തേക്ക് ചുരുങ്ങി. ശാസ്താംനടയിലുള്ള ഈ അതുല്യ സമ്പത്ത് ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല കണ്ടലാണ്. അത് ഓടുചുട്ടപടുക്ക, ഒരു പറ, ശംഖിലി, ചെന്തുരുണി എന്നിവിടങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ്. പശ്ചിമഘട്ട വനത്തിലെ കാട്ടുജാതിക്ക മരങ്ങളെയെല്ലാം ഒന്നിച്ചിവിടെ കാണാം. നിത്യഹരിതവനങ്ങൾക്കും അർദ്ധ നിത്യഹരിതവനങ്ങൾക്കും ഇടയിൽ കാണുന്ന ശുദ്ധജല ചതുപ്പുകൾ ജൂലായ് മുതൽ ഡിസംബർ വരെ വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളാണ്. വെള്ളക്കെട്ടിൽ വളരുന്ന വൃക്ഷങ്ങളാണ് ഇവിടെയുള്ളത്. തായ് തടിയിൽ നിന്ന് താഴേക്ക് വളരുന്ന പൊയ്ക്കൽ വേരുകൾ (മുട്ടുവേരുകൾ) എന്ന താങ്ങുവേരുകളാണ് ഇവയുടെ പ്രത്യേകത. താങ്ങുവേരുകളുടെ സഹായത്താലാണ് വളർച്ച. ഉണ്ടപ്പൈൻ, ചോരപ്പൈൻ, ചോരപ്പാലി, കൊത്ത പ്പൈൻ, പത്രി എന്നീ കാട്ടു ജാതിക്കാമരങ്ങളും ഇവിടെയുണ്ട്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ അടുത്തിടെ മിരിസ്റ്റിക്ക ട്രോ ബോഗാരി എന്ന പുതിയയിനം മരത്തെ ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. വംശനാശ ഭീഷണിയുള്ള ഞാവൽ വർഗത്തിൽപ്പെട്ട ചവറാൻ എന്ന സസ്യം ഇവിടെയുണ്ട്.

 ഉഭയജീവി ലോകം

പശ്ചിമഘട്ടത്തിലെ ഉഭയജീവകങ്ങളിൽ അമ്പത് ശതമാനവും ഇവിടെയുണ്ട്. കരഞണ്ടുകൾ, ചെങ്കാലൻ ഞണ്ടുകൾ, ചെമ്പൻതവള, കുതിക്കുംതവള, സുവർണതവള, പറക്കുംതവള തുടങ്ങിയവ അതിൽ ചിലത് മാത്രം. കുഴിമൂക്കൻ അണലി, കാട്ടുമണ്ഡലി, കങ്കാരു ഓന്ത് എന്നിങ്ങനെ അമ്പത്തിയഞ്ചിനം ഉരഗങ്ങളെയും ഗവേഷകർ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കാട്ടാമ, ചൂരൽ ആമ, കുഴൽചിലന്തി, കടുവാ ചിലന്തി, രാക്ഷസ ചിലന്തി, ജലോപരിതലത്തിൽ കിടന്ന് മീൻ പിടിച്ച് ഭക്ഷിക്കുന്ന ചിലന്തി, പലതരം മീനുകൾ എന്നിവയുടെ കലവറ കൂടിയാണ് ഈ കണ്ടൽക്കാട്.

കണ്ടൽ കാടുകളുള്ളത് - 20 ഹെക്ടർ സ്ഥലത്ത്

സ്ഥിതി ചെയ്യുന്നത് പാലോട്, കുളത്തൂപ്പുഴ ഫോറസ്റ്റ് റെയ്ഞ്ചുകളിലായി

ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല കണ്ടൽ ചതുപ്പുകളുടെ സംരക്ഷണം വനം വകുപ്പിന് കൈമാറണം. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പഠനത്തിന് ഉതകുന്ന തരത്തിൽ സർക്കാർ നടപടിയെടുക്കണം.

- സാലി പാലോട്,

വനം - വന്യജീവി ഫോട്ടോഗ്രാഫർ, പരിസ്ഥിതി പ്രവർത്തകൻ.