പൂവാർ: കൊവിഡ് പ്രതിരോധത്തിന് കേരളത്തിനാകെ പുതുമാതൃക കാട്ടുകയാണ് പൂവാർ 'സെന്റ് ബർത്തലോമിയോ' സന്നദ്ധ സേന പ്രവർത്തകർ. തീരദേശത്താകെ കൊവിഡ് അതിരൂക്ഷമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നിലവിലെ സർക്കാർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണയുമായി രാപകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന ഈ യുവസംഘം നാടിന് അഭിമാനമാകുകയാണ്. സമീപ പഞ്ചായത്തായ കരുംകുളം പുല്ലുവിളയിൽ രോഗം സമൂഹവ്യാപനത്തിലേക്ക് കടന്നപ്പോൾ തന്നെ പൂവാർ വികാരി ഫാ. ഷാബിന്റെ നേതൃത്വത്തിൽ 82 യുവാക്കളെ ഉൾപ്പെടുത്തി വോളന്റിയേഴ്സ് ടീം രൂപീകരിച്ചു. ആൾക്കാർ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് നിയന്ത്രിച്ചു. പുറത്തു നിന്നുള്ള വാഹനങ്ങൾ അകത്തേക്ക് പ്രവേശിക്കാതിരിക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചശേഷം കാവൽ ഏർപ്പെടുത്തി. കൊവിഡ് ടെസ്റ്റിനായി പരിശോധനാസംഘമെത്തുമ്പോൾ വീടുകളിൽ നിന്നും ആൾക്കാരെയെത്തിച്ചും മറ്റ് ആവശ്യമായ സഹായങ്ങളും ഉറപ്പു വരുത്തുന്നതും ഇവർ തന്നെയാണ്. പൂവാറിൽ 30 ഓളം ഹൗസ് ക്വാറന്റൈനുകളുണ്ട്. അവർക്ക് സഹായം ആവശ്യമുള്ളപ്പോൾ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജ് ചെയ്താൽ സഹായവുമായി പ്രവർത്തകരെത്തും. തീരത്ത് ഇത്തരം പ്രവർത്തനങ്ങളെ കോ - ഒാർഡിനേറ്റ് ചെയ്യുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ ഓഫീസ് നിലവിലുണ്ട്. അതേസമയം സോൺ 3 യിൽ ഉൾപ്പെട്ട കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ ഗ്രാമപഞ്ചായത്തുകളുടെ കേന്ദ്ര ഓഫീസ് പൂവാർ ന്യൂ ബസ് ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ടെസ്റ്റിന് ശേഷം റിസൾട്ട് വരുന്നതിലുള്ള കാലതാമസം രോഗവ്യാപനം വർദ്ധിക്കാൻ ഇടയാക്കുന്നുവെന്ന് സന്നദ്ധസേന ആരോപിക്കുന്നു. പൂവാറിലുള്ളവരെ ചികിത്സക്കായി ദൂരസ്ഥലങ്ങളിൽ കൊണ്ടുപോകുന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്.
ബീച്ച് ഒഴിപ്പിക്കൽ ചലഞ്ച്
പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി 'ബീച്ച് ഒഴിപ്പിക്കൽ ചലഞ്ച്" ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടപ്പിലാക്കി. കൂട്ടം കൂടുന്നത് പൂർണമായും ഒഴിവാക്കി കൊണ്ട് പൂവാർ കടൽ തീരത്തെ ആൾക്കൂട്ടങ്ങളിൽ നിന്നും മോചിപ്പിച്ചു. ഇതിനായി ഗ്രൗണ്ടുകളിലെ കളികൾ നിറുത്തലാക്കി. ചീട്ടുകളിക്കാനും വിശ്രമിക്കാനുമായി നിർമ്മിച്ചിരുന്ന താത്കാലിക ഷെഡുകൾ പൊളിച്ചു മാറ്റി. കൂട്ടമായി ആറിൽ കുളിക്കാൻ പോകുന്നത് നിയന്ത്രിച്ചു. ചൂണ്ടയും കയറും വിൽക്കുന്ന കടയും കമ്പ്യൂട്ടർ സെന്ററുകളും അടപ്പിച്ചു.
ടീമിൽ - 82 പേർ
ഹെൽപ്പ് ലൈൻ നമ്പർ - 04712210362, 9020337108
24 മണിക്കൂറും സേവനം
ക്വാറന്റൈനിലുള്ളവർക്ക് പ്രത്യേകസഹായം
പ്രതികരണം
പൂവാർ എൽ.പി സ്കൂളിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ഒഴിവാക്കി. പകരം പൂവാർ ഏയ്ഞ്ചൽസ് സ്കൂൾ സെന്റർ ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
എം.എസ്. അജിതകുമാരി,
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്