തമിഴ്നാട്ടിൽ കൊവിഡ് പൊട്ടിത്തെറിയുണ്ടായ ചെന്നൈയിൽ രോഗവ്യാപനം വരുതിയിലാക്കാൻ സർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റി നിയന്ത്രിക്കുന്നതിൽ വിജയം കണ്ടെത്തിയതിന്റെ സൂചന ലഭിച്ചുതുടങ്ങുമ്പോഴാണ് നേരത്തെ രോഗം ബാധിക്കാത്ത ജില്ലകളിൽ രോഗ വ്യാപനം ഏറി വരുന്നത്. ഒരു ദിവസം രോഗം ബാധിക്കുന്നവരുടെ ആകെ എണ്ണം ബുധനാഴ്ചവരെ അയ്യായിരത്തിനു താഴെയായിരുന്നു. ഇന്നലെ പുതിയ കേസുകളുടെ എണ്ണം 6,478 ആണ്. രണ്ടു മാസം മുമ്പ് തമിഴ്നാട്ടിലെ രോഗബാധിതരുടെ എണ്ണം 776.
തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കവിഞ്ഞ മേയ് 16ന് പുതിയ കൊവിഡ് ബാധിതരുടെ എണ്ണം 477 മാത്രമായിരുന്നു. അന്ന് രോഗബാധിതരിൽ പകുതിയിലേറെയും ചെന്നൈയിലായിരുന്നു. ചെങ്കൽപേട്ട, കാഞ്ചിപുരം, തിരുവള്ളൂർ, കടലൂർ, അരിവാളൂർ എന്നിവിടങ്ങിലായിരുന്നു ബാക്കി രോഗികളുണ്ടായിരുന്നത്. ജൂൺ 15 ആയപ്പോഴേക്കും അതുവരെ കൊവിഡ് തീണ്ടാത്ത ജില്ലകളിൽ കൂടി രോഗം വ്യാപിച്ചു. മധുര, കോയമ്പത്തൂർ, വിരുതുനഗർ, കന്യാകുമാരി, തിരുനൽവേലി ജില്ലകളിൽ രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. നീലഗിരി, കൃഷ്ണഗിരി ജില്ലകളിലാണ് രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുള്ളത്. കൊവിഡ് ബാധയുണ്ടായി രണ്ടു മാസം സുരക്ഷിതമായിരുന്ന കൃഷ്ണഗിരിയിൽ ആന്ധ്രയിൽ നിന്നെത്തിയ 67 കാരനായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്.
രോഗവ്യാപനം കൂടുന്ന ജില്ലകളിലെ നഗരപ്രദേശങ്ങളിൽ ചെന്നൈ മോഡൽ നടപടി സ്വീകരിക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം.
ചെന്നൈയിൽ കൊവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയർന്നുകൊണ്ടിരുന്നപ്പോൾ അന്യസംസ്ഥാനക്കാർക്കൊപ്പം മറ്റ് ജില്ലയിലുള്ളവരും സ്വന്തം നാടുകളിലേക്ക് മടങ്ങി.അവർക്കൊപ്പം കൊവിഡും മറ്റ് ജില്ലകളിൽ പരന്നു.
ചെന്നൈയിലെ ആക്ഷൻ പ്ളാൻ
കോയമ്പേട് മാർക്കറ്റിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് ചെന്നൈ നഗര ജീവിതത്തെ തന്നെ നിശ്ചലമാക്കിയെങ്കിലും ഇപ്പോൾ ലഭിക്കുന്നത് പ്രതീക്ഷ പകരുന്ന വാർത്തകളാണ്. ജൂലായ് 10 വരെ ചെന്നൈയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടായിരത്തിലേറെയായിരുന്നു. അതിനു ശേഷം ആയിരത്തിനും 1300നും ഇടയിലാണ് പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം.
നഗരത്തിൽ നടത്തുന്ന നൂറ് ടെസ്റ്റിൽ 40 പേർ എന്ന നിലയിലായിരുന്നു രോഗബാധിതർ വർദ്ധിച്ചുകൊണ്ടിരുന്നത്. ഇപ്പോഴത് നൂറിൽ പത്ത് എന്ന നിലയിലേക്ക് ചുരുങ്ങി. ചെന്നൈ നഗരത്തിൽ രോഗവ്യാപനം ഉണ്ടായപ്പോൾ ആരോഗ്യമന്ത്രി ഡോ.സി.വിജയഭാസ്കറിന്റെയും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്റെയും മേൽനോട്ടത്തിൽ ആരോഗ്യവിദഗ്ദ്ധസമിതിയെ നിയോഗിച്ചു. ഐ.സി.എം.ആറിന്റെ പ്രതിനിധികൾ കൂടി ഉൾപ്പെട്ട ഈ സമിതി നൽകിയ നിർദേശങ്ങൾ അപ്പാടെ നടപ്പിലാക്കുകയായിരുന്നു സർക്കാർ ചെയ്തത്. ടെസ്റ്റുകളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിപ്പിച്ചതും ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കിയതും സമിതിയുടെ നിർദേശാനുസരണമായിരുന്നു.
കഴിഞ്ഞ ദിവസം നടത്തിയത് 63,000 ടെസ്റ്റുകളായിരുന്നു. ചെന്നൈയിൽ മാത്രം 14,000 ടെസ്റ്റുകളും. ജൂൺ 19 മുതൽ ജൂലായ് 5 വരെയായിരുന്നു ചെന്നൈ പൂർണമായും അടച്ചിട്ടിരുന്നത്. ആദ്യ ലോക്ക് ഡൗണിനെ അപേക്ഷിച്ച് ജനം ഈ ലോക്ക് ഡൗണിനോട് സഹകരിച്ച് വീട്ടിലിരുന്നു.
ആ നാളുകളിൽ 200 വാർഡുകളുള്ള ചെന്നൈയിലെ എല്ലാ വാർഡുകളിലെ തെരുവുകളിലും പ്രത്യേക പരിശീലനം നൽകിയ വാളന്റിയർമാർ എത്തി. ബിരുദധാരികളായ 4000 വോളന്റിയർമാരെയാണ് ഇതിനായി നിയോഗിച്ചത്.
പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. ഏത് രോഗമുള്ളവരേയും പരിശോധിക്കുന്നതിനായി മൊബൈൽ ക്ലിനിക്കുകളും എല്ലായിടത്തും എത്തി. കൊവിഡ് ലക്ഷണമില്ലാത്തവർക്കും പ്രത്യേക ചികിത്സ ഉറപ്പാക്കി. കൊവിഡ് രോഗമുള്ളവരെ അപ്പപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസുകളും വന്നു.
ആദ്യകാലത്ത് ജനം ആശുപത്രിലേക്കു പോകാൻ മടിച്ചതും സ്വയം ചികിത്സിച്ചതുമാണ് മരണനിരക്ക് കൂടാൻ കാരണമായതെന്നാണ് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വീടുകൾക്കു മുന്നിലേക്ക് ക്ലിനിക്കുകൾ സഞ്ചരിച്ചെത്തിയത്. രണ്ടാമത്തെ ലോക്ക് ഡൗൺ കാലയളവിൽ പ്രത്യേക ദൗത്യത്തിന്റെ ഭാഗമായി പത്തു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ 'ക്യുവർ ക്യാമ്പി"ലേക്ക് മാറ്റി. ചികിത്സ സ്വകാര്യ ആശുപത്രിയിലുമാക്കി.
സമരം പ്രതീകാത്മകം
കൊവിഡ് വ്യാപനത്തിനു ശേഷം ഇതുവരെ ചെന്നൈ നഗരത്തിൽ ബസ്, ട്രെയിൻ സർവീസ് നടത്തിയിട്ടില്ല. പ്രതിദിന രോഗികളുടെ എണ്ണം നൂറിനു താഴെ എത്തിയ ജില്ലകളിൽ മാത്രമാണ് ഭാഗികമായി പൊതുഗതാഗതം ഉള്ളത്. സമരങ്ങൾ പോലും വീടുമുറ്റങ്ങളിലാണ്. കേരളത്തിലെ പോലെ വൈദ്യുതി ബില്ല് കൂടിയതിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം ഉയർന്നിരുന്നു. ഡി.എം.കെയുടെ നേതൃത്വത്തിൽ സമരം നടന്നത് പ്രവർത്തകരുടെ വീടിനു മുന്നിൽ മാത്രമായിരുന്നു.
തമിഴ് നാട് ഇതുവരെ
രോഗബാധിതർ --- 1.92 ലക്ഷം
ഭേദമായവർ ---- 1.36 ലക്ഷം
മരണം ആകെ---- 3200
ചെന്നൈയിൽ മാത്രം ---- 1952