v
അപകട ഭീഷണി പരത്തുന്ന ആൽമരം

കടയ്ക്കാവൂർ: തിരക്കേറിയ പാതയിൽ അപകടഭീഷണി ഉയർത്തുന്ന ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. അഞ്ച് റോഡുകൾ സംഗമിക്കുന്ന മണനാക്ക് ജംഗ്ഷനിലാണ് മരം അപകടാവസ്ഥയിൽ നിൽക്കുന്നത്. ഇതിന് അടിയിൽക്കൂടി 11 കെ.വി വൈദ്യുതി ലൈനടക്കം കടന്നുപോകുന്നുണ്ട്. പൊതുവിതരണ സ്ഥാപനമുൾപ്പടെ നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. ലോക്ക് ഡൗണായതിനാൽ പൊലീസിന്റെ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നതും ആൽമരത്തിന്റെ ചുവട്ടിലാണ്. ശക്തമായ കാറ്രിൽ മരം ആടി ഉലയുമ്പോൾ ജീവൻ പണയംവച്ചാണ് യാത്രക്കാർ ഇതിന്റെ അടിയിലൂടെ സഞ്ചരിക്കുന്നത്. വിഷയത്തിൽ നിരവധി തവണ പഞ്ചായത്ത് അധികൃതർക്കടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്ന മരച്ചില്ലകൾ മുറിച്ചുനീക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.