ഏകാന്ത ചന്ദ്രികേ തേടുന്നതെന്തിനോ കുളിരിനോ കൂട്ടിനോ... ചന്ദ്രിക തേടുന്നതെന്തിനെയായിരിക്കും? ഗാനത്തിന്റെ ചോദ്യത്തിന് ഉത്തരമില്ല. ചന്ദ്രിക ഏകയായി യാത്ര തുടരുന്നു. ഒരു ദൗത്യം പോലെ. ഒരു ഭൂഖണ്ഡത്തിൽ നിന്ന് മറുകര തേടി തിരിച്ചെത്തുന്ന യാത്ര. അതിൽ ഒരു കൃത്യതയുണ്ട്. എന്നാൽ ഒറ്റയ്ക്കുള്ള യാത്ര അത്ര സുഖകരമാണോ? ചിലർക്ക് സുഖകരമായേക്കാം. എവിടെപോയാലും ചിലർ ഒറ്റയ്ക്കേ പോകൂ. അതെന്താ അങ്ങനെ? കൂട്ടിന് ഒരാളുള്ളത് നല്ലതല്ലേ എന്ന് ചോദിച്ചാൽ ഹോ- ഒറ്റയ്ക്കാകുമ്പോൾ നമ്മുടെ സൗകര്യം പോലെ പോയിട്ടിങ്ങ് വരാം. ആരെയും കാത്ത് നിൽക്കണ്ടല്ലോ എന്നായിരിക്കും മറുമൊഴി. ചിലരുണ്ട് കൂടെ ഒരാളില്ലാതെ പുറത്തിറങ്ങുന്ന പരിപാടിയില്ല. ആരെങ്കിലും കൂട്ടു വേണം. അല്ലെങ്കിൽ ചമ്മലാ. നാലാള് കൂടുന്ന സ്ഥലത്ത് പോകില്ല. ഏതിനും ഒരു താങ്ങ് വേണം. അത് ഒരുതരം നാണമാണ്. സമൂഹത്തെ നേരിടാനുള്ള ധൈര്യമില്ലായ്മ. നമ്മളെപ്പറ്റി മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന തോന്നൽ. വേറെ ചിലരുണ്ട്. എവിടെ പോയാലും ചുറ്റും ഒരു പട വേണം. അതൊരു അലങ്കാരമായി കൊണ്ടു നടക്കുന്നവർ. രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഒരു പറ്റം പിന്നാലെ കാണും. അത് മറ്റൊരു മാനസികാവസ്ഥയാണ്. തന്റെ ആൾബലം കാണിക്കുകയാണ് ഇഷ്ടന്റെ ലക്ഷ്യം. കൂടെ നടക്കുന്നവർക്കോ ഞാൻ നേതാവിന്റെ ആളാണെന്ന് അറിയിക്കാനുള്ള നെഗളിപ്പും.
പണ്ടത്തെ പ്രമാണിമാരെപ്പറ്റി കേട്ടിട്ടില്ലേ. എന്തിനും ഒരു കൈയാള് വേണം. പ്രമാണി സിംഹാസനത്തിലിരുന്ന് ആജ്ഞാപിക്കും. കൈയാൾ കാര്യങ്ങൾ നടത്തിക്കൊണ്ടിരിക്കും. നമ്പൂതിരിമാർക്ക് കുടപിടിച്ച് കൂടെ ആൾ നടന്ന രീതിയുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ നമ്പൂതിരി നടക്കാനിറങ്ങും. കുടപിടിച്ച് കൂടെ കൈയാളും. ഒ.ചന്തുമേനോന്റെ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പാടിനെപ്പോലെ. കുട പിടിക്കുന്ന ആചാരം തൂത്തെറിഞ്ഞെങ്കിലും ഇപ്പോഴും അത് സുഖകരമായി വാഴുന്നൊരിടമുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ. നടൻമാർക്കും നടിമാർക്കും കുടപിടിക്കുന്ന ആചാരം. അത് സൂര്യനെ തോല്പിക്കുന്നതിനുള്ള ആചാരം മാത്രം!
'ഒറ്റയ്ക്ക് പാടുന്ന പൂങ്കിയിലേ നിന്റെ പട്ടുപോലുള്ളയീ പാട്ടിനുള്ളിൽ... 'കുയിൽ പാടുന്നത് ഒറ്റയ്ക്കിരുന്നാണ്. കുയിലിനെപ്പോലെ പലരുടെയും പാട്ട് ഇപ്പോൾ ഒറ്റയ്ക്കിരുന്നാണ്. ലോക്ക്ഡൗൺ കാലം ഒറ്റയ്ക്കിരുത്തിയതിനാലാണിത്. ഒറ്റപ്പെടലിന്റെ വേദനയും സുഖവും കണ്ടറിഞ്ഞു. എന്നാൽ എത്രയോ പേർ ഒറ്റപ്പെടൽ ആഘോഷമാക്കിയിട്ടുണ്ട്. കാലം ചാർത്തുന്ന സമ്മാനമാണ് ഒറ്റപ്പെടൽ എന്ന് വിശേഷിപ്പിക്കാം. മക്കളെല്ലാം വിദേശത്തോ മറ്റോ ആകുമ്പോൾ ഒറ്റപ്പെടുന്ന അമ്മയോ അച്ഛനെയോ വൃദ്ധസദനത്തിലേക്ക് അയക്കുന്നവർ. മനസില്ലാ മനസോടെ വൃദ്ധസദനത്തിലേക്ക് യാത്രയാകുമ്പോൾ മക്കളുടെ മനം കുളിർക്കും. പക്ഷേ, ആ അമ്മയുടെയോ അച്ഛൻെറയോ മനം ഒരിക്കലും കുളിർക്കില്ല, തളിർക്കില്ല. ഇങ്ങനെ ഒറ്റയ്ക്കാകുന്നവരെല്ലാം ഒത്തുകൂടുന്നിടത്ത് ആ മാതാപിതാക്കൾ ആശ്വാസതീരം തേടുമ്പോഴും ഉള്ളിൽ രക്തബന്ധത്തിന്റെ ഒറ്റപ്പെടൽ വിങ്ങാതിരിക്കില്ല.
ഒറ്റയ്ക്കിരിക്കുന്നവർ വേഴാമ്പലിനെപ്പോലെയാണ്. ആരെയെങ്കിലും കിട്ടിയാൽ പിന്നെ സംസാരിച്ചുകൊണ്ടേയിരിക്കും. കേൾക്കുന്നയാൾക്ക് ബോറടിച്ചാലും അയാൾക്ക് മടുക്കില്ല.
ഇനി ആരെയും കിട്ടിയില്ലെങ്കിലോ അകലങ്ങളിൽ നോക്കിയിരിക്കും. അല്ലെങ്കിൽ മൊബൈലിൽ കുത്തിക്കൊണ്ടിരിക്കും. ലോക്ക്ഡൗൺ കാലം പലർക്കും കൂട്ടായത് ഈ കുത്തലാണ്. എപ്പോഴും പുറത്തിറങ്ങി കറങ്ങി നടന്നിരുന്നവർക്ക് ഈ ഒറ്റപ്പെടൽ ആദ്യമൊക്കെ സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. അതുകൊണ്ടാണ് ലോക്ക്ഡൗണിൽ ഇളവ് വരുത്തിയപ്പോൾ തുറന്ന് വിട്ടതുപോലെ അവർ കൂട്ടത്തോടെ പുറത്ത് ചാടിയത്. സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ചാടൽ. അധികമായാൽ അമൃതും വിഷമാകും എന്ന് പറയുന്നതുപോലെ കൂട്ടത്തോടെ ചാടിയപ്പോൾ അതും വിഷമായി. കൊവിഡ് വിഷമായി പരന്നു. വീണ്ടും അകത്തിരിക്കാനായി നിയോഗം.
തത്തയെ പിടിച്ച് കൂട്ടിലിട്ടാൽ കൂട്ടിലിടുന്നയാൾക്ക് സന്തോഷമായിരിക്കും. തത്തയെ കണ്ടു കൊണ്ടിരിക്കാം. തത്തയ്ക്കോ ശ്വാസംമുട്ടും. പാലും പഴവും കൊടുത്താലും ചിറകടിച്ച് തന്റെ സ്വതന്ത്ര ലോകത്തേക്ക് പറക്കാനായിരിക്കും തത്ത കൊതിക്കുക. പറക്കാനാവാതെ കൂട്ടിനകത്ത് കിടന്നാലോ തത്തയുടെ ചിറകിന് പണിയില്ലാതാകും. അത് തത്തയുടെ ആരോഗ്യത്തെ തന്നെ ബാധിക്കും. പറക്കുന്നതാണ് തത്തയുടെ എനർജി. അതുപോലെ തന്നെയാണ് അകത്തിരിക്കുന്നവരുടെയും സ്ഥിതി. പുറത്തിറങ്ങാതെ അകത്തിരുന്നാൽ ശരീരത്തിന്റെ ഘടന തന്നെ മാറിപ്പോകും. അത് ജീവിതത്തിൽ വരുത്തുന്ന മാറ്റം ചെറുതല്ലാതാകും. ലോക്ക്ഡൗണിൽ അകത്തിരുന്ന് പലരുടെയും സ്ഥിതി ഇങ്ങനെയായെന്നാണ് പറയപ്പെടുന്നത്.
സ്വാതന്ത്ര്യംഅടയുമ്പോഴാണ് നാം അതിന്റെ വിലയറിയുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നകാലത്ത് ജീവിച്ചവർ അതിന്റെ വില നന്നായി അറിഞ്ഞിട്ടുണ്ട്. വിദ്യാലയങ്ങളും ക്ഷേത്രങ്ങളുമെല്ലാം സവർണരുടെ മാത്രം പാദസ്പർശനത്തിനായി കൈക്കലാക്കി വച്ചിരുന്ന ആ ദുഷിച്ച നാളുകളിൽ മൃഗതുല്യം ജീവിച്ചവർ സ്വാതന്ത്ര്യത്തിനുവേണ്ടി കൊതിച്ചിട്ടുണ്ട്. മാറുമറയ്ക്കാൻ ഇമ്മിണി സ്വാതന്ത്ര്യം കിട്ടിയിരുന്നെങ്കിൽ എന്ന് അലറി വിളിച്ചിട്ടുണ്ട്. പേടിയില്ലാതെ വഴിയിലൂടെ നടക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട്. മുലക്കരം പിരിക്കാനെത്തിയവന്റെ നേർക്ക് മാറ് അറുത്ത് എറിഞ്ഞു കൊടുത്ത ചേർത്തല നങ്ങേലിയുടെ ധീരസാഹസികത സ്വാതന്ത്ര്യ വിപ്ളവത്തിന്റെ ചോരത്തുടിപ്പുകളാണ്. അടുക്കളയിൽ ഒതുങ്ങിയിരുന്ന സ്ത്രീകൾ പൂമുഖത്തേക്ക് വരാൻ സ്വപ്നം കണ്ടിട്ടുണ്ട്. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ തുറന്നു കാട്ടിയ വി.ടി ഭട്ടതിരിപ്പാടിന്റെ 'അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം അതിന് കാഹളമായത് മറ്റൊരു ഇതിഹാസം.
അങ്ങനെ സാതന്ത്ര്യം അമൃതല്ലായിരുന്ന കാലത്തിലൂടെയാണ് കേരളം കടന്നുവന്നത്. അവർ സഹിച്ച ത്യാഗങ്ങളും നൊമ്പരങ്ങളും നോക്കുമ്പോൾ കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ ഇമ്മിണി വീട്ടിലിരുന്നാൽ എന്താ കുഴപ്പം. നാളെയുടെ നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മൾ നമുക്കായി വീട്ടിലിരിക്കുന്നത്. അത് ഒറ്റയ്ക്കായാലും അല്ലാതായാലും. അതൊരു ഒറ്റപ്പെടലല്ല, അത് രോഗത്തിൽ നിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാ മാർഗം മാത്രം. എന്നാൽ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥ വേറെയാണ്. അവർക്കെന്നും ലോക്ക്ഡൗണാണ്. അതുകൊണ്ട് ഈ ലോക്ക്ഡൗൺ അവർക്ക് പുതുമയുമല്ല.
ഇന്ത്യയിൽ ഒറ്റപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്. പ്രത്യേകിച്ച് കേരളത്തിൽ. കൂട്ടുകുടുംബ വ്യവസ്ഥയിൽ നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോൾ വീടുകളുടെ എണ്ണം കൂടി, വീടുകളിൽ അംഗങ്ങളുടെ എണ്ണം കുറഞ്ഞു. പല വീടുകളിലും ആളില്ലാത്ത അവസ്ഥ. മുമ്പ് പ്രതാപത്തോടെ വാണിരുന്ന വീടുകൾ പലതും അടഞ്ഞു കിടക്കുന്നു. വീടുകളും ഒറ്റപ്പെടുകയാണ്. ഒറ്റപ്പെടൽ സമ്പന്ന രാഷ്ട്രങ്ങളെയും വികസ്വര സമൂഹത്തെയും ഉലയ്ക്കുകയാണ്. ബ്രിട്ടൺ, ഡെൻമാർക്ക്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടവരെ കണ്ടെത്തി സാന്ത്വനിപ്പിക്കാൻ സംവിധാനമുണ്ടാക്കി. ജപ്പാനിൽ ഒൻപത് ശതമാനവും അമേരിക്കയിൽ 22ശതമാനവും ബ്രിട്ടനിൽ 23ശതമാനവും ഒറ്റപ്പെടലിന്റെ വേദന അറിയുന്നവരാണെന്നാണ് കണക്കുകൾ പറയുന്നത്. അമേരിക്കയിൽ നടത്തിയ സർവേയിൽ 45 നുമേൽ പ്രായമുള്ള 35 ശതമാനം പേർ ഒറ്റപ്പെടലിന്റെ തീരത്താണ്. ബ്രിട്ടനിൽ 65 കഴിഞ്ഞ 41ശതമാനം പേർക്ക് ടി.വിയോ വളർത്തുമൃഗങ്ങളോ ആണ് ആശ്രയം. ജപ്പാൻ സർക്കാരിന്റെ കണക്കനുസരിച്ച് ആറുമാസം തുടർച്ചയായി ആരോടും ഇടപെടാതെ വീട്ടിനുള്ളിൽ കഴിയുന്നവരുടെ എണ്ണം ഒരു മില്യനാണ്.
ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, കാൻസർ, അമിത ഭക്ഷണം, ഉറക്കമില്ലായ്മ, വിഷാദം, മദ്യപാനം, ഉത്കണ്ഠ എന്നിവ വരാൻ ഒറ്റപ്പെടൽ ഇടയാക്കുന്നു എന്നാണ് പഠനം തെളിയിക്കുന്നത്. അൽഷിമേഴ്സിലേക്ക് വരെ നയിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ഒറ്റപ്പെടൽ ആരോഗ്യത്തെ മൂന്ന് രീതിയിൽ ബാധിക്കുന്നു എന്നാണ് ഗവേഷകർ
പറയുന്നത്.
1. അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിക്കപ്പെടും.
2. സമ്മർദ്ദവും ഉറക്കമില്ലായ്മയും , രോഗങ്ങൾ
എളുപ്പത്തിൽ പിടിമുറുക്കും.
3. വിഷാദരോഗവും ഉത്കണ്ഠയും ശരീരത്തെ മുഴുവൻ
ബാധിക്കും.
അതുകൊണ്ട് ഒറ്റയ്ക്കാണെങ്കിലും ഒറ്റയ്ക്കല്ലെന്ന് ചിന്തിക്കുക. അത് മനസിന് ബലം നൽകും. ഇല്ലെങ്കിൽ ഒറ്റപ്പെടൽ നമ്മേ
വിഴുങ്ങിയെന്ന് വരും