കാട്ടാക്കട: ലക്ഷങ്ങൾ മുടക്കി കാട്ടാക്കട ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇരുട്ടിലായിട്ട് മാസങ്ങളായെങ്കിലും നടപടിയെടുക്കാതെ കണ്ണടയ്ക്കുകയാണ് അധികൃതർ. മുൻ എം.പി എ. സമ്പത്തിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നാണ് ലൈറ്റ് സ്ഥാപിച്ചത്. രണ്ട് വർഷം വരെ പ്രകാശിച്ച ഹൈമാസ്റ്റിലെ എൽ.ഇ.ഡി ബൾബുകൾ കേടായതാണ് കാട്ടാക്കടയെ ഇരുട്ടിലാക്കിയത്. ഒരു ബൾബ് കത്തുമെങ്കിലും ജംഗ്ഷനിൽ എല്ലായിടത്തും ഇതിന്റെ പ്രകാശം കിട്ടില്ല.
ഇടയ്ക്ക് പരാതിയുണ്ടായപ്പോൾ കരാറുകരൻ അറ്റകുറ്റപ്പണി നടത്തിയിരുന്നു. എന്നാൽ കരാർ കഴിഞ്ഞതോടെ കരാറുകാരനും ഇപ്പോൾ കൈമലർത്തുകയാണ്. തെരുവുവിളക്കുകളുടെ നവീകരണത്തിന് ലക്ഷങ്ങൾ ചെലവിടുന്ന പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ പരാതിപ്പെട്ടങ്കിലും നടപടിയുണ്ടായില്ല. വൈദ്യുതി ബില്ല് അടയ്ക്കുന്നുണ്ടെന്നും നവീകരണത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നുമാണ് ഗ്രാമ പഞ്ചായത്തിന്റെ വാദം. ഒരു ബൾബ് മാത്രമേ പ്രകാശിക്കുന്നുള്ളൂവെങ്കിലും പഞ്ചായത്ത് ഇപ്പോഴും പണം അടയ്ക്കുന്നുണ്ട്.
ഹൈമസ്റ്റ് ലൈറ്റുകൾ കത്താത്തതിനെതിരെ പ്രതിപക്ഷസംഘടനകൾ പ്രതിക്ഷേധിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. കോട്ടൂർ, നെയ്യാർഡാം, തിരുവനന്തപുരം ഭാഗങ്ങിലേക്ക് തിരിയുന്ന പ്രധാന ജംഗ്ഷനിൽ നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്കൊടുവിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
രാത്രിയിൽ ജംഗ്ഷനിലെ കടകൾ അടച്ചാൽ കാട്ടാക്കട ഇരുട്ടിലാകും. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണെന്നും പരാതിയുണ്ട്.