മുഖപ്രസംഗം
.......................
അതിർത്തികളിൽ ശത്രുസൈന്യത്തോട് പടവെട്ടി വീരമൃത്യു വരിക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്നതിൽ രാജ്യം ഒട്ടും പിന്നിലല്ല. അതുപോലെ ജനങ്ങൾക്ക് സുരക്ഷ ഒരുക്കാനുള്ള ശ്രമത്തിനിടെ രാജ്യത്തിനകത്തുവച്ചും നിരവധി ഭടന്മാർ വീരചരമം പ്രാപിക്കാറുണ്ട്. ശത്രുവിന്റെ വെടിയുണ്ടകളേറ്റ് മരിച്ചുവീഴുന്ന ധീരജവാന്മാരെ ആദരിക്കുന്നതിലും അവർക്കു ഉചിതമായ സ്മാരകം ഒരുക്കുന്നതിലും ജനങ്ങളും മുന്നോട്ടുവരാറുണ്ട്. വീരചരമം പ്രാപിച്ച ഭടന്മാരുടെ കുടുംബത്തിന്റെ സംരക്ഷണം ഭരണകൂടങ്ങൾ ആരും ആവശ്യപ്പെടാതെ തന്നെ ഏറ്റെടുക്കുന്നതാണ് പതിവ്. ഏറ്റക്കുറച്ചിലുകൾ കാണാമെങ്കിലും സംസ്ഥാന സർക്കാരുകൾ ധീരജവാന്മാരോടുള്ള കടമ നിറവേറ്റുന്നതിൽ ഒരിക്കലും പിന്നിലാകാറില്ല. എങ്കിലും ആനുകൂല്യങ്ങൾ അനുവദിക്കുന്നതിൽ പലപ്പോഴും ഔദ്യോഗിക തലത്തിലുണ്ടാകുന്ന കാലതാമസം വിമർശനങ്ങൾക്കും പരാതികൾക്കും ഇടയാക്കുന്നതും അപൂർവമല്ല. പ്രഖ്യാപനങ്ങൾ പ്രവൃത്തി പഥത്തിലെത്താൻ ദീർഘമായ കാത്തിരിപ്പു വേണ്ടിവരുന്നത് സന്തപ്ത കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ യാതനാപൂർണമാണ്.
ഇപ്പോൾ ഇതു പറയാൻ കാരണം തെലങ്കാന സർക്കാരിന്റെ മാതൃകാപരവും അഭിനന്ദനാർഹവുമായ ഒരു നടപടിയാണ്. ഇക്കഴിഞ്ഞ ജൂൺ 15-ന് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിൽ കടന്നു കയറിയ ചൈനീസ് ഭടന്മാരെ തുരത്താനുള്ള ശ്രമത്തിനിടയിൽ വീരചരമം പ്രാപിച്ച കേണൽ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിക്ക് സർക്കാരിൽ ഒരു ജോലിയും കുടുംബത്തിന് സഹായധനവും വീടുവയ്ക്കാൻ സ്ഥലവും നൽകുമെന്ന് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനം സഫലമാകാൻ രണ്ടുമാസം പോലും വേണ്ടിവന്നില്ലെന്നതിലാണ് തെലങ്കാനാ മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ ആർജ്ജവവും ഇച്ഛാശക്തിയും സർവോപരി ഒരു ഭരണാധികാരിയുടെ ഉത്തമ ലക്ഷണവും പ്രകടമാകുന്നത്. വാഗ്ദാനം പാലിച്ചുകൊണ്ട് മുഖ്യമന്ത്രി റാവു കഴിഞ്ഞ ദിവസം കേണൽ സന്തോഷ് ബാബുവിന്റെ പത്നി സന്തോഷിക്ക് നിയമന ഉത്തരവ് നേരിട്ടു കൈമാറുകയായിരുന്നു. സർക്കാരിൽ എന്തെങ്കിലുമൊരു ഉദ്യോഗമല്ല, ഡെപ്യൂട്ടി കളക്ടറായിട്ടാണ് നിയമനം. തലസ്ഥാനമായ ഹൈദരാബാദിലോ അതു സാദ്ധ്യമായില്ലെങ്കിൽ നഗരത്തിന് ഏറ്റവുമടുത്തെവിടെയെങ്കിലുമോ പോസ്റ്റിംഗ് നൽകാനുള്ള നിർദ്ദേശവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നൽകി. സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ചുകോടി രൂപയുടെ സഹായമാണ് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇതിൽ നാലുകോടി രൂപയുടെ ചെക്ക് സന്തോഷിക്കും ഒരു കോടി രൂപയുടെ ചെക്ക് സന്തോഷ് ബാബുവിന്റെ മാതാപിതാക്കൾക്കുമാണ്. ഉദ്യോഗ നിയമന ഉത്തരവിനൊപ്പം ചെക്കുകളും മുഖ്യമന്ത്രി കൈമാറുകയുണ്ടായി. ഹൈദരാബാദിൽ വീടുവയ്ക്കാനുള്ള സ്ഥലം പതിച്ചു നൽകിയ രേഖകളും ഇതോടൊപ്പമുണ്ട്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സ്വാതന്ത്ര്യത്തിനും അഭിമാനത്തിനും വേണ്ടി പ്രാണൻ വെടിയേണ്ടിവന്ന ഒരു പട്ടാള ഓഫീസറോടുള്ള ജന്മനാടിന്റെ സ്നേഹവും കടപ്പാടും ഇതിലധികമായി പ്രകടിപ്പിക്കാൻ സാധാരണ ഗതിയിൽ ഒരു സംസ്ഥാനവും മുന്നോട്ടുവരികയില്ലെന്ന യാഥാർത്ഥ്യത്തിനു മുന്നിൽ നമിക്കുക തന്നെ വേണം. കേണൽ സന്തോഷ്ബാബു അടക്കം ബീഹാർ റെജിമെന്റിലെ ഇരുപതു സേനാംഗങ്ങളാണ് ജൂൺ 15-നു രാത്രിയിൽ ഗാൽവൻ താഴ്വരയിൽ ചൈനീസ് ഭടന്മാരെ തുരത്താനുള്ള ശ്രമത്തിനിടെ വീരമൃത്യുവിന് ഇരയായത്.
ഓർക്കേണ്ട മറ്റൊരു കാര്യം ചൈനീസ് പക്ഷത്തും ഈ ഏറ്റുമുട്ടലിൽ ആൾനാശം ഉണ്ടായി എന്നതാണ്. എന്നാൽ നാളിതുവരെ തങ്ങളുടെ ഭാഗത്ത് എത്ര ഭടന്മാർക്ക് ജീവഹാനി ഉണ്ടായെന്നോ അവർ ആരൊക്കെയായിരുന്നെന്നോ ഉള്ള യാതൊരു വിവരവും പുറത്തുവിടാൻ ചൈന തയ്യാറായിട്ടില്ല. ചൈനയുടെ കണക്കിൽ അതിർത്തിയിൽ നിയോഗിക്കപ്പെട്ട വെറും കൂലിപ്പടയാളികളെന്ന പരിഗണനയേ അവർക്കുള്ളൂ എന്നതുകൊണ്ടാകാം ഇത്. മറിച്ച് ഇന്ത്യൻ ഭാഗത്ത് അന്നു മരിച്ചുവീണ ഓരോ ഭടന്റെയും സകല വിവരങ്ങളും ഫോട്ടോകളും തൊട്ടടുത്ത ദിവസങ്ങളിൽത്തന്നെ പ്രസിദ്ധീകരിച്ചിരുന്നു. വീരമൃത്യു വരിച്ച ഈ ധീര പോരാളികളുടെ ചിത്രങ്ങൾക്കു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അതിർത്തി സന്ദർശിച്ച അവസരത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.
വീരപരിവേഷമൊന്നുമില്ലാത്ത ദുരന്ത സംഭവങ്ങളിലും അതിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന സമ്പ്രദായം എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. എന്നാൽ പലപ്പോഴും ഇത്തരം സഹായങ്ങൾ സമയബന്ധിതമായി നൽകുന്നതിൽ സർക്കാരുകൾ വലിയ വീഴ്ചയാണു കാണിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസമാണ് ഇത്തരം കേസുകളിൽ പലപ്പോഴും പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നത്. നിയമത്തിന്റെയും ചട്ടത്തിന്റെയും നൂലാമാലകളിൽ കുടുക്കി സാധാരണക്കാരെ വട്ടം കറക്കുന്നതിൽ ആത്മസംതൃപ്തി തേടുന്ന ഉദ്യോഗസ്ഥവർഗത്തിൽ പലരും തങ്ങൾക്കൊഴികെ മറ്റാർക്കും സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കരുതെന്നു വാശിപിടിക്കുന്നവരാണ്. വെള്ളപ്പൊക്കത്തിലോ മറ്റു പ്രകൃതി ദുരന്തങ്ങളിലോ കിടപ്പാടം പോലും നഷ്ടമാകുന്നവർ സഹായവും പ്രതീക്ഷിച്ച് നാലും അഞ്ചും വർഷം കാത്തിരിക്കേണ്ടിവരുന്നത് സർക്കാർ നടപടിച്ചട്ടങ്ങൾ സൃഷ്ടിക്കുന്ന അഴിയാക്കുരുക്കു കാരണമാണ്. ജോലിയിലിരിക്കെ മരണമടയുന്ന സർക്കാർ ജീവനക്കാരുടെ തൊട്ടടുത്ത ബന്ധുക്കളിലാർക്കെങ്കിലും നിയമനം നൽകാൻ വ്യവസ്ഥയുണ്ട്. അതിനായി വർഷങ്ങളായി കാത്തിരിക്കുന്ന എത്രയോ പാവപ്പെട്ട കുടുംബങ്ങൾ ഉണ്ട്. എത്രയെത്ര കടമ്പകൾ കടന്നുവേണം ലക്ഷ്യപ്രാപ്തിയിലെത്താൻ. കളിക്കളങ്ങളിൽ കാണികളെ കോരിത്തരിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച് രാജ്യത്തിനും ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കും കീർത്തി നേടിക്കൊടുക്കുന്നവർ അനവധിയാണ്. പ്രകടനം കാണുമ്പോൾ ആവേശം പൂണ്ട് അവർക്കൊക്കെ സർക്കാർ ഉദ്യോഗം നൽകുമെന്ന് പ്രഖ്യാപിക്കും. പിന്നീട് അതു നടപ്പാക്കേണ്ട ഘട്ടമെത്തുമ്പോഴാണ് തനിനിറം പുറത്തുവരിക. ഭരണസിരാകേന്ദ്രത്തിനു മുമ്പിൽ സത്യാഗ്രഹം വരെ നടത്തിയിട്ടുവേണം സർക്കാരിൽ ഒരു ഉദ്യോഗം തരപ്പെടാൻ.
വീരമൃത്യുവരിച്ച സന്തോഷ്ബാബുവിന്റെ കുടുംബത്തിന് തെലങ്കാന സർക്കാർ നൽകിയ ആദരവും സഹായവും അപൂർവത്തിൽ അപൂർവം തന്നെയാണ്. ഈ വിഷയത്തിൽ തനിക്കു ഉചിതമെന്നു തോന്നിയ തീരുമാനം എടുക്കാനും സത്വരമായി അതു നടപ്പാക്കാനും മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന് ആരുടെയും അഭിപ്രായത്തെ ആശ്രയിക്കേണ്ടി വന്നില്ലെന്നതുകൊണ്ടുകൂടിയാകാം വളരെ എളുപ്പം കാര്യങ്ങൾ നീങ്ങിയത്. ആജ്ഞാശക്തിയോടെ കാര്യം നടപ്പാക്കാൻ അദ്ദേഹത്തിനു ഒരു പ്രയാസവുമില്ല. നിയമസഭയിൽ ആരെയും ആശ്രയിക്കേണ്ടതില്ല. മന്ത്രിസഭയിലും അദ്ദേഹം അജയ്യനാണ്. ഇതൊക്കെയാണെങ്കിലും രാജ്യത്തിനു വേണ്ടി ജീവൻ ബലി നൽകിയ ഒരു പട്ടാള ഓഫീസറുടെ സ്മരണ നിലനിറുത്താൻ മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അദ്ദേഹം കൈക്കൊണ്ട തീരുമാനം രാജ്യത്തിനാകെ മാതൃകയാണ്. മുഖ്യമന്ത്രിമാരായാൽ ഇങ്ങനെ തന്നെ വേണം എന്ന് ഉറക്കെ പറയാൻ തോന്നുന്നു.