chennithala

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ എൻ.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തും മുമ്പ് രാജിവച്ച് മാനക്കേടൊഴിവാക്കാനുള്ള അവസാന അവസരമാണ് പിണറായിക്ക് ഇപ്പോഴുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻ.ഐ.എ സെക്രട്ടേറിയറ്റ് വരെയെത്തിയിട്ടും എവിടെ വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും ആരെയും ചോദ്യം ചെയ്യട്ടെയെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്. സംസ്ഥാനത്ത് കൺസൾട്ടൻസി നിയമനങ്ങളുമായി ബന്ധപ്പെട്ട ദുരൂഹതകൾ സി.ബി.ഐ അന്വേഷിക്കണം. ഇത്രയും ഗുരുതരപ്രശ്നമുണ്ടായിട്ടും ഒന്നുമറിഞ്ഞില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻ.ഐ.എ കടന്നുകയറിയിട്ടും ഘടകകക്ഷികൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

നീചമായ സംഭവങ്ങളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. തുടക്കം മുതൽ ആഭ്യന്തര വകുപ്പ് കുറ്റക്കാരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. സർക്കാരിന്റെ ഔദ്യോഗികമുദ്ര ദുരുപയോഗം ചെയ്തിട്ടും നടപടിയെടുത്തില്ല. പ്രതികളെ ബംഗളൂരുവിലേക്ക് കടക്കാൻ സഹായിച്ചത് പൊലീസാണ്.

നാല് വർഷമായി സംസ്ഥാനത്ത് കൺസൾട്ടൻസി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും പദ്ധതി നടപ്പാക്കിയോയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ചീഫ്സെക്രട്ടറിയുടെ അന്വേഷണത്തിൽ വിശ്വാസമില്ല. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ആഗസ്റ്റ് ഒന്നിന് യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും അവരവരുടെ വീടുകളിലോ ഓഫീസുകളിലോ സത്യാഗ്രഹം നടത്തും. 'സ്പീക്ക് കേരള" എന്ന ഈ പരിപാടി സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളോട് വിശദീകരിക്കും. ആഗസ്റ്റ് 10ന് ത്രിതല പഞ്ചായത്തംഗങ്ങൾ അവരുടെ വാർഡുകളിലും സത്യാഗ്രഹം നടത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ജനങ്ങളോട് സംവദിക്കും. പ്രതിനിധികളില്ലാത്തിടത്ത് യു.ഡി.എഫ് തിരഞ്ഞെടുത്ത ഒരാൾ സത്യാഗ്രഹം നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.