um1berla

തിരുവനന്തപുരം: മഴക്കാലവും അദ്ധ്യയന വർഷാരംഭവും കണക്കാക്കി വിപണി പിടിക്കാനൊരുങ്ങിയെത്തിയ കുടനിർമ്മാണ കമ്പനികൾക്ക് കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും കടുംപൂട്ട്. മുൻവർഷങ്ങളിൽ ലക്ഷങ്ങളുടെ കച്ചവടം നടന്നിരുന്ന സ്ഥാനത്ത് ഇന്ന് മൂന്നിലൊന്ന് വ്യാപാരം പോലും നടന്നിട്ടില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ലോക്ക് ഡൗണിൽ വിദ്യാലയങ്ങൾക്ക് താഴുവീഴുകയും പഠനം ഓൺലൈനിലൂടെയാകുകയും ചെയ്തതാണ് പ്രധാനമായും കുടനിർമ്മാതാക്കൾക്ക് തിരിച്ചടിയായത്. ലക്ഷങ്ങൾ പരസ്യത്തിനായി മുടക്കുന്ന വൻകിട കമ്പനികൾ തൊട്ട് ഉപജീവനത്തിനായി വീടുകളിൽ കുടനിർമ്മിച്ചുവിൽക്കുന്ന സാധാരണക്കാരും ചെറുകിട നിർമ്മാണ യൂണിറ്റുകളുമൊക്കെ ലോക്ക് ഡൗണിന്റെ പ്രാരാബ്ദം ശരിക്കും അറിയുന്നുണ്ട്.

മാനസിക വെല്ലുവിളി നേരിടുന്നവരും വൈകല്യങ്ങൾ ഉള്ളവരും വീടിന്റെ നാലു ചുമരിൽ തളയ്ക്കപ്പെട്ട ജീവിതം നയിക്കുന്നവരുമൊക്കെ കുടനിർമ്മാണത്തിലൂടെ ജീവിതമാർഗം കണ്ടെത്തിയിരുന്നു. ഇവരെല്ലാം വലിയ കടക്കെണിയിലാണ് ചെന്നെത്തിയിരിക്കുന്നത്. ലക്ഷങ്ങളാണ് സാധനങ്ങൾ വാങ്ങുന്നതിനായി ഇവർ വായ്പയെടുത്തിരുന്നത്. ഇതിന്റെ തിരിച്ചടവുപോലും മുടങ്ങി എന്തുചെയ്യണമെന്നറിയാത്ത നിസഹായാവസ്ഥയിലാണ് ഇവർ. വായ്പകൾക്ക് മോറട്ടോറിയമടക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇളവുകൾ പിൻവലിക്കുമ്പോൾ ഉത്പന്നങ്ങൾ വിറ്റുപോകാതെ എങ്ങനെ കടംതീർക്കുമെന്ന ഇവരുടെ ചോദ്യത്തിന് ആർക്കും ഉത്തരമില്ല.

കുടുംബശ്രീ യൂണിറ്റുകളും പ്രതിസന്ധിയിൽ

കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വനിതാ കുടുംബശ്രീ യൂണിറ്റുകൾ ബാങ്ക് വായ്പയെടുത്ത് തുടങ്ങിയ കുടനിർമാണ യൂണിറ്റുകളും പ്രതിസന്ധിയുടെ നടുവിലാണ്. ലക്ഷങ്ങളാണ് ഇവരുടെയും കടബാദ്ധ്യത. സീസണുകളിൽ അടുത്തുള്ള സ്കൂളുകളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളുമെല്ലാം കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് ഇവർ നിർമ്മിക്കുന്ന കുടകൾ മൊത്തമായി വാങ്ങിയിരുന്നു. ഇത്തവണയും അത് പ്രതീക്ഷിച്ചാണ് കാലേക്കൂട്ടി ഇവർ കുടനിർമ്മാണം ആരംഭിച്ചത്. എന്നാൽ നിർമ്മിച്ച ഉത്പന്നങ്ങളെല്ലാം പെട്ടികളിൽ തന്നെ ഇരിപ്പാണ്. സ്കൂൾ തുറന്ന് വിപണി സജീവമാകുന്നതുവരെ ഇവ സൂക്ഷിച്ചുവയ്ക്കാൻ മാത്രമേ ഇവർക്ക് സാധിക്കൂ.

ഇവ വിപണിയിലെ താരങ്ങൾ....

വെള്ളം ചീറ്റുന്ന കുട

കൈപ്പിടിയിൽ ഒതുങ്ങുന്ന കുട

കാർട്ടൂൺ കഥാപാത്രങ്ങളെ പ്രിന്റ് ചെയ്ത കുട

പാട്ടുപാടുന്ന കുട

ലൈറ്ര് കത്തുന്ന കുട

എ.സി,​ ഫാൻ കുട

01. കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കുടകൾ

02. പലർക്കും ലക്ഷങ്ങളുടെ കടബാദ്ധ്യത

03. ചെറുകിട നിർമ്മാതാക്കളും പ്രതിസന്ധിയിൽ

04. കുടുംബശ്രീക്കും സാമ്പത്തിക ബാദ്ധ്യത

05. തിരിച്ചടിയായത് ലോക്ക് ഡൗൺ