chennithala

തിരുവനന്തപുരം: നിയമസഭാസമ്മേളനം മാറ്റിവയ്ക്കാൻ ഒരു സമയത്തും സമ്മതിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന സംശയമുളവാക്കുന്നതാണ്. കൊവിഡിന്റെ സാഹചര്യം അറിയാവുന്നത് സർക്കാരിനാണെന്നും അതുകൊണ്ട് നിങ്ങൾക്ക് തീരുമാനിക്കാമെന്നുമാണ് താൻ പാർലമെന്ററി കാര്യമന്ത്രിയോടും മുഖ്യമന്ത്രിയോടും പറഞ്ഞിരുന്നത്. സർക്കാരാണ് സഭ ചേരാൻ തീരുമാനിച്ചത്. സ്പീക്കർ തങ്ങളുമായി സംസാരിച്ചപ്പോൾ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗണായിരുന്നു. ശാരീരികാകലം പാലിച്ച് സഭ നടത്താമെന്ന് അന്നവർ പറഞ്ഞു. അപ്പോഴാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളുയർന്നത്.ഞങ്ങൾ അവിശ്വാസത്തിനും സ്പീക്കർക്കെതിരായ പ്രമേയത്തിനും നോട്ടീസ് നൽകി. അതിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാർലമെന്ററി കാര്യമന്ത്രി വിളിച്ചത്. കൊവിഡ് വർദ്ധിക്കുന്നതിനാൽ ഇപ്പോൾ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതിനാൽ സമവായത്തിനില്ലെന്നും മറ്റ് കാര്യങ്ങൾ നിങ്ങൾക്ക് തീരുമാനിക്കാമെന്നുമാണ് താൻ പറഞ്ഞത്. സഭ ചേരണമെന്നാണ് ഞങ്ങളുടെ നിലപാട്.

സർക്കാർ ജീവനക്കാരുടെ യോഗം പാർട്ടി ഓഫീസുകളിൽ വിളിക്കരുതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിക്ക് കടകവിരുദ്ധമാണ് കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിൽ സി.പി.എം സെക്രട്ടറി വിളിച്ചുചേർത്ത മന്ത്രിമാരുടെ പ്രൈവറ്റ്സെക്രട്ടറിമാരുടെ യോഗം.ഇത് അപഹാസ്യമായ നടപടിയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.