തിരുവനന്തപുരം: ചെല്ലാനം കടലോരത്തെ ജനങ്ങൾ അനുഭവിക്കുന്ന കടലാക്രമണ ഭീഷണിയുടെ മുഖ്യകാരണം കടലോരത്ത് നിന്നുള്ള മണൽവാരലാണെന്ന് നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറം ജനറൽ സെക്രട്ടറി ടി.പീറ്റർ ആരോപിച്ചു.
അശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണം, തുറമുഖ ഫിഷിംഗ് ഹാർബറുകളുടെയും പുലിമുട്ടിന്റെയും അശാസ്ത്രയമായ നിർമ്മാണ രീതികളുമൊക്കെ കടലാക്രമണത്തിന്റെ തോത് വർദ്ധിപ്പിക്കുന്നു. കൊച്ചി അഴിമുഖത്ത് നിത്യേന നടത്തുന്ന ഡ്രജിംഗും അവിടെ നിന്നെടുക്കുന്ന മണൽ ആഴക്കടലിൽ നിക്ഷേപിക്കുന്നതിന് പകരം തീരക്കടലിൽ തന്നെ നിക്ഷേപിക്കുന്നതുമൊക്കെ കടലാക്രമണം വർദ്ധിക്കാൻ ഇടവരുത്തുന്നതായി വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
കൊച്ചി അഴിമുഖത്തു നിന്നും ഡ്രജ് ചെയ്യുന്ന മണൽ പമ്പ് ചെയ്തു ഫോർട്ട് കൊച്ചി സൗദി മുതൽ ചെല്ലാനം വരെയുള്ള തീരത്ത് നിക്ഷേപിക്കുക, നിലവിലുള്ള കടൽഭിത്തി റ്റെട്രാപോട് ഉപയോഗിച്ച് ബലപ്പെടുത്തുകയും ഇടയ്ക്കിടയ്ക്ക് പുലിമുട്ടുകൾ നിർമ്മിക്കുകയും ചെയ്യുക, ഈ മേഖലയിൽ കോൺഗ്രീറ്റ് പില്ലറുകളിൽ നിൽക്കുന്ന വീടുകൾ നിർമിക്കാൻ സർക്കാർ ധനസഹായം നൽകുക, കടലോരത്തു നിന്നും ഒരു കാരണവശാലും മണൽവാരാൻ അനുവദിക്കാതിരിക്കുക, ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണത്തിന് ശാസ്ത്രീയ സമീപനം കൈക്കൊള്ളുക, തീരത്തേക്ക് മണൽ പമ്പ് ചെയ്യുന്ന മുറയ്ക്ക് കണ്ടൽമരങ്ങളുും കാറ്റാടിയും വച്ചു പിടിപ്പിക്കുക എന്നീ പരിഹാര മാർഗങ്ങളും അദ്ദേഹം നിർദേശിച്ചു.