തിരുവനന്തപുരം:നിയമസഭാ സമ്മേളനം മാറ്റിവയ്ക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് നടത്തിയ അഭിപ്രായപ്രകടനം അനുചിതവും ദൗർഭാഗ്യകരവുമാണെന്ന് പാർലമെന്ററികാര്യമന്ത്രി എ.കെ. ബാലൻ പ്രസ്താവിച്ചു.
സമ്മേളനം നിശ്ചയിച്ച സമയത്തെ സാഹചര്യമല്ല ഇപ്പോൾ. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആരോഗ്യരംഗത്തുള്ളവരടക്കം അഭിപ്രായപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പാർലമെന്ററി കാര്യമന്ത്രിയെന്ന നിലയിൽ താൻ പ്രതിപക്ഷനേതാവുമായി നാല് തവണയും ഉപനേതാവുമായി ഒരുതവണയും സംസാരിച്ച് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി.
സമ്മേളനം മാറ്റിവയ്ക്കുന്നതിനോട് വിയോജിക്കുന്നില്ലെന്നും രാഷ്ട്രീയ വിവാദമാക്കാൻ ഉദ്ദേശ്യമില്ലെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് അവിശ്വാസ പ്രമേയത്തിൽ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കിയിരുന്നു.തുടർന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനോട് സംസാരിച്ച് ധാരണയിലെത്തി. അതിന് വിരുദ്ധമായാണ് പ്രതിപക്ഷനേതാവ് ഇപ്പോൾ പ്രതികരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ വിശ്വാസ്യതയ്ക്ക് ചേർന്നതല്ല.
എം.എൽ.എമാരിൽ റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ട 60 വയസു കഴിഞ്ഞ 72പേരും 70 വയസുകഴിഞ്ഞ 31 പേരുമുണ്ട്. പല രോഗങ്ങളുമുള്ളവരാണ് പലരും.
പോസിറ്റീവ് കേസുകൾ വന്നാൽ വൈറസ് വ്യാപനം വേഗത്തിലാകും. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് എം.എൽ.എമാർ ഒത്തുചേരുന്നതിൽ വിമർശനമുയരാം. ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ വലിയ ആക്ഷേപത്തിന് കാരണമാകും.ഇതെല്ലാം പരിഗണിച്ചാണ് സഭ മാറ്റാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.