വെള്ളറട: തനിച്ച് താമസിച്ചിരുന്ന മദ്ധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ മൂന്നുപേർ പിടിയിൽ. ഒറ്റശേഖരമംഗലം വാളികോട് കരാമത്ത് കിഴക്കിൻകര ഏറവിള പുത്തൻ വീട്ടിൽ സായിപ്പ് സതീഷ് എന്നു വിളിക്കുന്ന സതീഷ് (34) വാഴിച്ചൽ മണക്കാല രശ്മി ഭവനിൽ അപ്പൂസ് എന്നു വിളിക്കുന്ന രഞ്ചു (23) വാളികോട് കൊക്കോട്ടുകോണത്ത് വീട്ടിൽ ജയൻ (52) എന്നിവരാണ് പിടിയിലായത്. ഒറ്റശേഖരമംഗലം പന്താടിവിള കിഴക്കേതട്ട് പുത്തൻവീട്ടിൽ ഗോപകുമാറിനെയാണ് (56) സംഘം ആക്രമിച്ചത്. ഇക്കഴിഞ്ഞ 20ന് വൈകിട്ടായിരുന്നു സംഭവം. മാരകായുധങ്ങളുമായി എത്തിയ പ്രതികൾ ഗോപകുമാറിനെ ആക്രമിച്ച് അബോധാവസ്ഥയിലാക്കിയശേഷം വീട്ടിലുണ്ടായിരുന്ന റബർ ഷീറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഗോപകുമാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആര്യങ്കോട് സി.ഐ പ്രദീപ് കുമാർ, എസ്.ഐ ജി.എസ്. സജി, എസ്.ഐ അനിൽ കുമാർ, എസ്.സി.പി.ഒമാരായ അജിത് കുമാർ, സുനീഷ് കുമാർ, സി.പി.ഒ ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.