photo

തിരുവനന്തപുരം: ഒരു കാലത്ത് ഫാക്ടറികളും തിരക്കുമായി പ്രൗഢിയോടെ നിലകൊണ്ടിരുന്ന ബോണക്കാട്ടെയും പരിസരത്തെയും എസ്റ്റേറ്റ് മേഖലകളിൽ ഇന്ന് തേയിലയുടെ സുഗന്ധവും റബറിന്റെ സമൃദ്ധിയും അന്യമായി കൊണ്ടിരിക്കുകയാണ്. ആ ദുരിതത്തോടൊപ്പം സമീപപ്രദേശങ്ങളിൽ കൊവിഡ് വ്യാപനം കൂടിയെത്തിയപ്പോൾ ലയങ്ങളിൽ താമസിക്കുന്ന നിർദ്ധനരായ എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം നരക തുല്യമായി. തല ചായ്ക്കാൻ സുരക്ഷിതമായ വീടോ, ആരോഗ്യ പരിചരണ സംവിധാനങ്ങളോ ഇല്ലാത്ത ഇവർക്ക് തൊഴിൽ നിലച്ചിട്ട് മാസങ്ങളായി. പുറത്തുപോയി കൂലിപ്പണി ചെയ്തുകിട്ടുന്ന വരുമാനമായിരുന്നു ലയങ്ങളിലെ അടുക്കളകളിൽ തീ പുകച്ചിരുന്നത്. യാത്രാനിയന്ത്രണം നിലവിലുള്ളതിനാൽ ആർക്കും എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥ. വിവിധ എസ്റ്റേറ്റുകളിലായി അഞ്ഞൂറോളം കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. റിട്ടയർമെന്റ് കഴിഞ്ഞ ആളുകളാണ് ലയങ്ങളിൽ അധിവസിക്കുന്നവരിൽ ഏറെയും. ശമ്പള കുടിശികയും ആനൂകൂല്യങ്ങളും ലഭിക്കാതെ ലയങ്ങൾ വിട്ടൊഴിയില്ലെന്ന നിർബന്ധത്തിലാണ് ഇവർ.

2009ൽ തുടക്കംകുറിച്ച ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി തുടർ നടപടികളില്ലാതെ നിശ്ചലമാണ്. പരമ്പരാഗത തൊഴിലാളികൾക്ക് രണ്ട് കിടപ്പുമുറിയും വരാന്തയും അടുക്കളയും കക്കൂസുമെല്ലാമുള്ള വീടുകൾ നിർമ്മിച്ചു നല്കാനുള്ള പദ്ധതി തുടക്കത്തിൽ തന്നെ നിലച്ചു. തൊഴിലാളികളുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹധനഹായം എന്നിവയ്ക്കു ഓരോവർഷവും അനുവദിച്ചിരുന്ന 40 ലക്ഷം രൂപയും നിറുത്തലാക്കി. എസ്റ്റേറ്റുകളുടെ രജിസ്‌ട്രേഷനും തൊഴിലാളികളുടെ ക്ഷേമവും ഉറപ്പാക്കിയിരുന്ന നെടുമങ്ങാട് പ്ലാന്റേഷൻ ഇൻസ്‌പെക്ടർ ഓഫീസും തൊഴിലാളി ക്ഷേമനിധി ഓഫീസും പത്തനാപുരം ഹെഡ് ഓഫീസിനു കീഴിലാക്കി. അങ്ങനെ അധികൃതർ അവഗണന തുടരുകയാണെങ്കിലും തളരാതെ ജീവിതത്തോട് പടവെട്ടുകയാണ് ഇവിടത്തെ തൊഴിലാളികൾ.

എസ്റ്റേറ്റ് വക ആശുപത്രികളുടെ സ്ഥിതി ദയനീയം

കുട്ടികളുടെ ഒാൺലൈൻ പഠനവും നടക്കുന്നില്ല

ലയങ്ങളിൽ വൈദ്യുതിയില്ല

ആയിരം രൂപ ഉത്സവ അലവൻസ് നിറുത്തലാക്കി

കാറ്റേ നീ വീശരുതിപ്പോൾ...

കാറ്റ് ആഞ്ഞ് വീശിയാൽ കന്നുകാലി തൊഴുത്തിനു തുല്യമായ ലയങ്ങളിലെ ഓടുകൾ ഒന്നൊന്നായി നിലം പൊത്തും. കട്ടിലിനു മേലെ പലകകൊണ്ട് തട്ട് ഉണ്ടാക്കിയാണ് ഓടിൻകഷ്ണങ്ങളിൽ നിന്ന് രക്ഷ നേടുന്നത്. അറ്റകുറ്റപ്പണിയെല്ലാം തൊഴിലാളികൾ ചെയ്യണമെന്നാണ് അധികൃതരുടെ നിലപാട്. അഷ്ടിക്കു വകയില്ലാത്ത അവസ്ഥയിൽ ഇതിനുള്ള പണം കണ്ടെത്താൻ ആർക്കും കഴിയുന്നില്ല.

എസ്റ്റേറ്റ് ആകെ സ്ഥലം ജീവനക്കാരുടെ എണ്ണം (മുൻപ്, ഇപ്പോൾ)

ബോണക്കാട് 950 ഏക്കർ 3000,150

മർച്ചിസ്റ്റൺ (കുളച്ചിക്കര) 800 ഏക്കർ 2500, 150

ഇൻവർകാട് 582 ഏക്കർ 400, പ്രവർത്തരഹിതം

പൊന്മുടി 1400 ഏക്കർ 1400, 40

ബ്രൈമൂർ 600 ഏക്കർ 1000, 50

അച്ചൻകോവിൽ 670 ഏക്കർ 200, 40

പ്രതികരണം
എല്ലാ ആഴ്ചയിലും സഞ്ചരിക്കുന്ന മെഡിക്കൽ ടീമിന്റെ സേവനം എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലഭ്യമാക്കുന്നുണ്ട്. ഭക്ഷ്യധാന്യ കിറ്റുകൾ തദ്ദേശ സ്ഥാപനങ്ങൾ മുഖേന വിതരണം ചെയ്യുന്നുണ്ട്. തൊഴിൽ പ്രശ്നങ്ങൾ നിലനില്ക്കുന്ന എസ്റ്റേറ്റുകളിൽ പരിഹാരം കാണാനായിട്ടില്ല.

എം.കെ. അനിൽകുമാർ (നെടുമങ്ങാട് തഹസിൽദാർ)

വർദ്ധിച്ചുവരുന്ന ചെലവും വിളകളുടെ വിലയിടിവും മൂലം വലയുകയാണ്. തേയില, റബർ തുടങ്ങിയ വിളകൾക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായി വില ലഭിക്കുന്നില്ല. സുസ്ഥിരവിളകൾക്കുള്ള സർട്ടിഫിക്കറ്റുകൾ വൻകിട ഇറക്കുമതിക്കാരും മറ്റും നിർബന്ധമാക്കി. അതനുസരിച്ചുള്ള വിലയില്ല.1995 മുതൽ മറ്റു വിളകൾക്കുണ്ടായ വില വർദ്ധനവ് തോട്ടം വിളകൾക്ക് ലഭിച്ചിട്ടില്ല.

മാനേജ്‌മെന്റ് പ്രതിനിധികൾ