നെയ്യാറ്റിൻകര: നഗരസഭയിലെ ഊരൂട്ടുകാല, മാമ്പഴക്കര, കൂട്ടപ്പന, തവരവിള എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചതോടെ ഈ വാർഡിൽ നിന്നും പുറത്തേക്കുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. തത്തിയൂർ ഭദ്രകാളി ക്ഷേത്രത്തിനടുത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിക്കുകയും അദ്ദേഹത്തെ ചികിത്സയ്ക്കായി കൊഞ്ചിറവിളയിൽ അഡ്മിറ്റാക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ വീട്ടിലെ മൂന്നുവയസായ കുഞ്ഞിന് പ്രാഥമിക പരിശോധയിൽ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വീട്ടുകാരും നാട്ടുകാരും എല്ലാ കേന്ദ്രങ്ങളിലും അറിയിച്ചിട്ടും അധികൃതർ ഇവരെ കൂട്ടിക്കൊണ്ട് പോകാൻ തയാറായില്ല. പകരം വീട്ടുകാരെ ഫോൺ ചെയ്ത് എല്ലാവരോടും സ്വമേധയാ അങ്ങോട്ട് ചെല്ലാനാണ് പെരുങ്കടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ആവശ്യപ്പെട്ടത്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ നാട്ടുകാർ ആംബുലൻസ് വിളിച്ചു വരുത്തി എത്തിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ മൂന്ന് സോണുകളിൽ നെയ്യാറ്റിൻകര മണ്ഡലത്തിലെ പൊഴിയൂർ തീരപ്രദേശവും ഉൾപ്പെട്ടിട്ടുണ്ട്. ഇവിടെ 1000 ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വാങ്ങി നൽകുന്നതിന് എം.എൽ.എ ഫണ്ടിൽ നിന്ന് 5.40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.