*നിയമനം അര ലക്ഷത്തിനു മേൽ ശമ്പളമുള്ള തസ്തികകളിൽ ;ഇതിനകം നിയമിച്ചത് 90 പേരെ
തിരുവനന്തപുരം:സമാന്തര പി.എസ്.സിയായി തലസ്ഥാനത്ത് സ്വകാര്യ കൺസൾട്ടൻസി. നടത്തുന്നത് തരികിട നിയമനങ്ങൾ .അതും,സർക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും അര ലക്ഷത്തിലേറെ ശമ്പളമുള്ള തസ്തികകളിൽ
തൈയ്ക്കാട് ചർച്ച് ലൈനിൽ പ്രവർത്തിക്കുന്ന മിന്റ് ഹൗസ്‌കീപ്പിംഗ് ജോബ് കൺസൾട്ടൻസി സെക്രട്ടേറിയറ്റിലെ ചീഫ്സെക്രട്ടറിയുടെ ഓഫീസിലടക്കം 22 തസ്തികകളിലായി ഇതുവരെ നിയമിച്ചത് 90 പേരെ .കൺസൾട്ടൻസിക്ക് സർക്കാർ നൽകുന്നത് പ്രതിമാസം 19.95 ലക്ഷം .
ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ സ്പെഷ്യൽ സെല്ലിൽ ടീം ലീഡറെയും രണ്ട് ഡെപ്യൂട്ടി ടീം ലീഡർമാരെയും ഒന്നേകാൽ ലക്ഷം ശമ്പളത്തിൽ കരാർ നിയമനത്തിന് നൽകിയതും ഇതേ കൺസൾട്ടൻസി . ടീം ലീഡർ നിരഞ്ജൻ.ജെ.നായരും, ഡെപ്യൂട്ടി ലീഡർ കവിതാ.സി.പിള്ളയും സർക്കാർ മുദ്രയുള്ല വിസിറ്റിംഗ് കാർഡുമായി വിലസുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.. വ്യവസായ വകുപ്പിലും നോർക്കയിലുമടക്കം ഇവർ നിയമിച്ചവരുണ്ട്.
കള്ളക്കളിയിൽ
കിൻഫ്രയും
കിൻഫ്രയ്ക്ക്, 'വൈദഗ്ദ്ധ്യമുള്ള' തൊഴിലാളികളെ കരാറടിസ്ഥാനത്തിൽ ലഭ്യമാക്കുകയാണ് മിന്റ് . മിക്കതിനും കാലാവധി നിശ്ചയിച്ചിട്ടില്ല. ശമ്പളവും സർവീസ് ചാർജുമടക്കം വഹിക്കുന്ന കിൻഫ്ര പക്ഷേ, ശമ്പളം നൽകില്ല. 18ശതമാനം നികുതിയടക്കമുള്ള തുക മിന്റിന് നൽകും. നിയമനങ്ങളിലേറെയും ഹൗസ്കീപ്പിംഗ്,ഓഫീസ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികകളിലേക്കാണ്.
ഉയർന്ന ശമ്പളമുള്ള സ്പെഷ്യൽ സെൽ ടീം ലീഡർ, ഡെപ്യൂട്ടിടീം ലീഡർ തസ്തികകളിലെ യോഗ്യത നിശ്ചയിച്ചതും ആളെ തിരഞ്ഞെടുത്തതും ശമ്പളം തീരുമാനിച്ചതും ചീഫ്സെക്രട്ടറിയാണെന്നാണ് സർക്കാർ ഉത്തരവിലുള്ളത്. ഇവർക്ക് പദവിയും സർക്കാർ മുദ്രയും നൽകിയതിന് പുറമെ, പ്രവർത്തനം വിലയിരുത്തി പിരിച്ചുവിടാനുള്ള അധികാരവും ചീഫ്സെക്രട്ടറിക്കാണ് .
മിന്റ് നടത്തിയ
നിയമനങ്ങൾ
(തസ്തിക, നിയമനം,ശമ്പളം)
അക്കൗണ്ടിംഗ് സർവീസ് (4) -79,200
കമ്പ്യൂട്ടർ അസിസ്റ്റന്റ് (8) -1,40,800
കൊറിയർ മെസഞ്ചർ (12) -1,78,200
മാനേജ്മെന്റ് സർവീസ് (5) -1,23,750
ഹൗസ് കീപ്പിംഗ് (24) -3,10,200
മാനേജ്മെന്റ് സർവീസസ് (1) -33,200
ക്ലീനിംഗ് സർവീസ് (1) -6600
പമ്പ് ഓപ്പറേറ്റർ (3) -52,800
ഫ്രണ്ട് ഓഫീസ് സർവീസ് (6) -1,05,600
സെക്രട്ടേറിയൽ സർവീസ് (4) -88,000
ബില്ലിംഗ് സർവീസ് (6) -1,05,600
ഗ്രാജ്വേറ്റ് എൻജിനിയർ (7) -1,54,000
ഡ്രൈവർ (1) -23,100
ഗ്രാജ്വേറ്റ് എൻജിനിയർ (1) -15,000
എൽ.എ കോ-ഓർഡിനേറ്റർ (1) -16,500
ഗ്രാജ്വേറ്റ് എൻജിനിയർ (1) -27,500
മറ്റ് ഓഫീസ് (1) -27,500
ടീംലീഡർ (1) - 1,50,000
ഡെപ്യൂട്ടി ടീംലീഡർ (2) --1,16,783
വാട്ടർറിസോഴ്സ്
കോ-ഓർഡിനേറ്റർ (1) --13,750
കുടുസുമുറിയിലെ
റിക്രൂട്ട്മെന്റ്
തൈക്കാട് ആശുപത്രിയോട് ചേർന്നുള്ള ശ്രീറാംഭവന്റെ താഴത്തെ നിലയിലാണ് റിക്രൂട്ട്മെന്റ് ഓഫീസ്. രണ്ട് ബോർഡുകളുണ്ടെങ്കിലും നമ്പറിൽ വിളിച്ചാൽ ഫോണെടുക്കില്ല. അഭിമുഖവും നിയമനവുമൊക്കെ ഇവിടെത്തന്നെ.
"ഇ-ടെൻററിലൂടെയാണ് വൈദഗ്ദ്ധ്യമുള്ള തൊഴിലാളികൾക്കായി മിന്റുമായി കരാറുണ്ടാക്കിയത്. അടുത്ത മാർച്ച് വരെ കാലാവധിയുണ്ട്. ശമ്പളത്തിന്റെ 1.19ശതമാനമാണ് സർവീസ് ചാർജ്. 2.47ലക്ഷം ഈയിനത്തിൽ മിന്റിന് പ്രതിവർഷം നൽകുന്നുണ്ട്. കിൻഫ്രയിൽ 37 സ്ഥിരം ജീവനക്കാരേയുള്ളൂ. ബാക്കിയെല്ലാം കരാറുകാരാണ്. സർക്കാർ ഉത്തരവ് പ്രകാരമാണ് ചീഫ്സെക്രട്ടറിയുടെ ഓഫീസിലെ സ്പെഷ്യൽ സെല്ലിലുള്ളവർക്ക് മിന്റ് വഴിശമ്പളം നൽകുന്നത്".
-സന്തോഷ് കോശി തോമസ്
എം.ഡി, കിൻഫ്ര