സമൂഹത്തിലെ വളരെവളരെ ചെറിയ ഒരു ശതമാനം ആളുകൾ അവരുടെ കഴിവുകൊണ്ട് പി.എസ്.സി ടെസ്റ്റ് എഴുതി സർക്കാർ സർവീസിൽ പ്രവേശിക്കുന്നു. ജോലിക്കാലത്ത് വളരെ മാന്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളുമായി നല്ലൊരു തുക മാസാമാസം അവർ കൈപ്പറ്റുന്നു.ഇതേപോലെ തന്നെ കനത്ത ആനുകൂല്യങ്ങൾ പറ്റുന്ന വേറൊരു വിഭാഗമാണല്ലോ ജനപ്രതിനിധികൾ (ഇക്കൂട്ടർ സ്വയം ശമ്പളം നിശ്ചയിക്കുന്നു, വർദ്ധിപ്പിക്കുന്നു.) മന്ത്രിമാരുടെ സ്റ്റാഫാണ് ഏറ്റവും ഭാഗ്യവാന്മാർ. കാരണം രണ്ടുവർഷം മാത്രം ജോലി ചെയ്താൽ മതി അവർക്ക് പെൻഷൻ ലഭിക്കാൻ. ഇതിന്റെ ഗുട്ടൻസ് എത്ര ആലോചിച്ചിട്ടും കിട്ടുന്നില്ല.
മറുവശത്ത് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർ (കർഷകർ, നാനാതുറകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ, ഡ്രൈവർമാർ, പ്രൈവറ്റ് മേഖലയിലുള്ളവർ മുതലായവർ) ഇവർ 60 വയസ് ആകുമ്പോൾ ആരോഗ്യം ക്ഷയിച്ച് നിത്യരോഗികളാകുന്നു. വരുമാനമില്ലാത്തതിനാൽ മക്കളുടെ ഭാഗത്തുനിന്ന് കിട്ടുന്ന അവഗണന മാത്രം. ഇവിടെയാണ് വൺ ഇന്ത്യ വൺ പെൻഷന്റെ പ്രസക്തി. ഇപ്പോൾ പെൻഷനുവേണ്ടി ചെലവാക്കുന്ന തുക വേണ്ടിവരില്ല. 60 തികഞ്ഞ എല്ലാവർക്കും മാസം പതിനായിരം രൂപവച്ച് കൊടുക്കാൻ.
ഡോ. വി.ടി. ശശി
മൂലവട്ടം, കോട്ടയം.
കാറ്റുവീഴ്ചയ്ക്കുള്ള അരിഷ്ടം
നിയമസഭാ വളപ്പിലെ തെങ്ങുകൾ അരിഷ്ടം സേവിച്ചതിന്റെ ഫലമായി കാറ്റു വീഴ്ചപോയി എന്ന വാർത്ത (ജൂൺ 29) വായിച്ചു.
കാറ്റുവീഴ്ച വന്ന് തെങ്ങ് കേടുപിടിച്ച് വെട്ടിക്കളയേണ്ട ഗതികേട് വന്നിട്ടില്ലാത്തവർ ചുരുക്കമാണ്. കാറ്റുവീഴ്ചയ്ക്ക് പല പ്രതിരോധ നടപടികളും സ്വീകരിച്ച് നിരാശരായി കഴിയുന്നവർക്ക് അരിഷ്ടം ഫലപ്രദമാകുമെന്ന് വിചാരിക്കുന്നു.
ശാസ്ത്രലോകത്തിന്റെ അംഗീകാരം ഉണ്ടെങ്കിലേ വ്യാവസായികാടിസ്ഥാനത്തിൽ ഇൗ അരിഷ്ടം നിർമ്മിക്കാൻ അനുമതി ലഭിക്കൂ എന്നും കണ്ടു. എന്തിനാണ് ശാസ്ത്രലോകം ഇതിന് ഇടംകോലിടുന്നത്? ഏതായാലും മനുഷ്യനിൽ പ്രയോഗിക്കാനുള്ള മരുന്നല്ലല്ലോയിത്? സർക്കാർ വിചാരിച്ചാൽ ഏത് തടസവും മാറ്റാൻ കഴിയില്ലേ? തെങ്ങ് ഉള്ളവർക്ക് വലിയ അനുഗ്രഹമാകുന്ന ഇൗ അരിഷ്ടത്തിന്റെ നിർമ്മാണ അനുമതി നേടിയെടുക്കാൻ സർക്കാർ ഇടപെടുക തന്നെ വേണമെന്ന് അപേക്ഷിക്കുന്നു. ജോലിക്കാരെ കിട്ടാൻ പ്രയാസമായ സാഹചര്യത്തിൽ തെങ്ങിന്റെ ചുവട്ടിലെ മണ്ണ് മാറ്റി വേരിൽ ഇൗ ഒൗഷധം ഒഴിച്ചാൽ മതിയെന്നുള്ളത് വലിയ ആശ്വാസവുമാണ്.
ബാബുസേനൻ അരീക്കര
ചെങ്ങന്നൂർ.