ജൂൺ മുതൽ ഏകദേശം മൂന്ന് മാസം വരെ മഴക്കാലം ആണ്. കർക്കടകമാസം കൂടി ഇതിൽ ഉൾപ്പെടുന്നു. ജലവും വായുവും ദേശവും ദുഷിച്ച്, രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ഉള്ള കാലം.
കൊതുകു കാരണം മലമ്പനി,ഡെങ്കി പ്പനി,സിക്കാ രോഗം,ചിക്കുൻ ഗുനിയ എന്നിവയും
ജന്തു ജീവികൾ കാരണം എലിപ്പനി, വിരശല്യം തുടങ്ങിയവയും
വായുജന്യ രോഗങ്ങളായ പകർച്ചപ്പനി,ചെങ്കണ്ണ്,അഞ്ചാം പനി എന്നിവയും ജല ജന്യമായി മഞ്ഞപ്പിത്തം വയറിളക്കം തുടങ്ങിയവയുമാണ് ഇക്കാലത്തുണ്ടാകാവുന്ന പ്രധാന രോഗങ്ങൾ.
കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ച് ഒരു പകർച്ച പനിയെങ്കിലും ബാധിക്കാത്തവർ കുറവായിരിക്കും.
അലർജി കാരണമുള്ള തുമ്മൽ, സൈനസൈറ്റിസ്, ശ്വാസം മുട്ട് എന്നിവയും വർദ്ധിക്കുന്ന കാലമാണിത്.
വളരെ ബുദ്ധിപൂർവ്വം ഇടപെട്ടാൽ രോഗങ്ങളിൽ നിന്ന് രക്ഷനേടാം. ചുവരുകൾ ഈർപ്പ രഹിതമായി വയ്ക്കുക.
തുണികൾ നന്നായി ഉണക്കി ഉപയോഗിക്കണം.
തണുപ്പ് ഏൽക്കാത്ത വസ്ത്ര ധാരണം നിർബന്ധം.രാത്രിയിൽ പ്രത്യേകിച്ചും അക്കാര്യം ശ്രദ്ധിക്കണം.എയർ കണ്ടീഷൻ ,ഫാൻ എന്നിവയുടെ ഉപയോഗം കുറയ്ക്കണം.തണുത്ത കാറ്റ് ഏൽക്കുന്ന വിധമുള്ള യാത്രകൾ ഒഴിവാക്കണം.കുടിക്കാനും കുളിക്കാനും ചൂടുവെള്ളം ആണ് നല്ലത്.കുടിക്കുവാൻ
ശുദ്ധ ജലം ഉറപ്പാക്കുക.
പകലുറക്കം നല്ലതല്ല.
കൈ കാലുകളിൽ മുറിവുള്ളവർ എലിയുടെ വിസർജ്യം കലരാൻ സാധ്യതയുള്ള വെള്ളം തൊടരുത്.മുൻകരുതലുകൾ സ്വീകരിക്കാതെ ചാലുകളിൽ ഇറങ്ങി ജോലി ചെയ്യരുത്.
കുറുക്കൻ, വളർത്തു മൃഗങ്ങൾ എന്നിവയും എലിപ്പനി പകർത്താൻ കാരണമാകും.
വീട്ടിൽ വളർത്തുന്നവ ആയാലും പട്ടി ,പൂച്ച എന്നിവയെ അകറ്റി നിർത്തണം.
കൊതുകുകളുടെ പ്രജനനം തടയുവാൻ കൂട്ടായ പരിശ്രമം നടത്തണം.
മധുരം, പുളി, ഉപ്പ്, തണുപ്പ് എന്നിവ കുറയ്ക്കണം.
കയ്പ്, എരിവ് ,ചൂട് എന്നിവ ഉപയോഗിക്കണം.
രാമച്ചം ,പതിമുഖം, നറുനീണ്ടി ഇവ ഇട്ട് തിളപ്പിച്ച വെള്ളമോ കരിക്കിൻ വെള്ളമോ മഴക്കാലത്ത് കുടിക്കാൻ നല്ലതല്ല.
തണുപ്പിച്ചവ ഒഴിവാക്കണം.
ജീരകം, ചുക്ക്, അയമോദകം ഇവയിട്ട് തിളപ്പിച്ച വെള്ളമോ ചൂടുവെള്ളമോ കുടിക്കാൻ ഉപയോഗിക്കണം.
തേനും ചുക്ക് കാപ്പിയും നല്ലത്.
അല്പം ശ്രദ്ധിച്ചാൽ രോഗം ഒഴിവാക്കാം. പ്രത്യേകിച്ചും കാലാവസ്ഥ പെട്ടെന്ന് മാറുന്ന സാഹചര്യങ്ങളിൽ.
കർക്കടകമാസത്തിൽ വളരെ ശ്രദ്ധ അനിവാര്യമാണ്. അതിനാൽ കർക്കടകത്തിലെങ്കിലും ഇവയൊക്കെ കൃത്യമായി പാലിക്കണം.