തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെതിരായ എൻ.ഐ.എ അന്വേഷണം സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കുന്ന പ്രശ്നമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ശിവശങ്കറിനെക്കുറിച്ചുയർന്ന ആക്ഷേപങ്ങൾ എൻ.ഐ.എ അന്വേഷിക്കട്ടെ. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതൊക്കെ അവർ തീരുമാനിക്കുന്നതാണ്. അതെല്ലാം ശിവശങ്കറിനെ മാത്രം വ്യക്തിപരമായി ബാധിക്കുന്നതാണെന്നും കോടിയേരി ചോദ്യത്തിന് മറുപടി നൽകി.
പ്രതിപക്ഷം ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും. കേസിൽ ആരൊക്കെയാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് എൻ.ഐ.എ തീരുമാനിക്കട്ടെ. ശിവശങ്കർ ഇതുവരെ കേസിൽ പ്രതിയായിട്ടില്ല. എൻ.ഐ.എ അന്വേഷണ ഏജൻസി എന്ന നിലയിൽ എവിടെ പോകുന്നതിനും സ്വാതന്ത്ര്യമുണ്ട്. ഒരന്വേഷണവും സർക്കാർ തടസ്സപ്പെടുത്തില്ല . വസ്തുതകൾ പുറത്ത് വരുമ്പോഴാണല്ലോ പുകമറ മാറുക. എൻ.ഐ.എ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതാണ് തെറ്റ്. സർക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാലാണല്ലോ എവിടെ വേണമെങ്കിലും അന്വേഷിക്കട്ടെയെന്ന് മുഖ്യമന്ത്രി പറയുന്നത്.
ഇത് സർക്കാരിനുള്ള വെല്ലുവിളിയായി പ്രതിപക്ഷനേതാവ് കണക്കാക്കുന്നെങ്കിൽ അതദ്ദേഹത്തിന്റെ തോന്നൽ മാത്രമാണ്.രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിൽ അന്വേഷണ ഏജൻസികൾ പരിശോധിച്ചില്ലേ. അതുകൊണ്ടദ്ദേഹം പ്രധാനമന്ത്രിയല്ലാതായോ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ജുഡിഷ്യൽ കമ്മിഷന് മുന്നിൽ മണിക്കൂറുകളോളം ഇരിക്കേണ്ടി വന്നത് മറക്കരുത്. വിവാദങ്ങൾ സൃഷ്ടിച്ച് വികസനം മുടക്കാനുള്ള തന്ത്രങ്ങളിൽ വീഴേണ്ടെന്നാണ് പാർട്ടി തീരുമാനമെന്നും കോടിയേരി പറഞ്ഞു.