sales

കൊച്ചി: ദിവസം 15 ഉത്പന്നമെങ്കിലും വിൽക്കണം. യാത്രാചെലവിനു പുറമെ മാസ്ക്, സാനിറ്റെസർ, കൈയുറ എന്നിവയ്ക്കും പണം മാറ്റിവെക്കണം. കാര്യമായ വിൽപ്പനയൊന്നും നടക്കാത്തതിനാൽ വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് ഡയറക്ട് മാർക്കറ്റിംഗ് തൊഴിലാളികളുടെ ജീവിതം. ഓരോ വീടുകളിൽ കയറിയിറങ്ങുമ്പോഴും പ്രതീക്ഷയെക്കാൾ ഭയമാണ് ഇപ്പോൾ.

ലോക്ക് ഡൗൺ സമയത്ത് വില്പന നിർത്തിവെച്ചെങ്കിലും നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വീണ്ടും നിരത്തിലിറങ്ങാൻ നിർബന്ധിതരാവുകയാണ് ജീവനക്കാർ. എന്നാൽ ഇവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങളൊന്നും കമ്പനികൾ നൽകുന്നില്ല. ഈ അവസ്ഥയിലും ചെലവുകൾ സ്വയം നോക്കണമെന്നാണ് കമ്പനികളുടെ ഉത്തരവ്.

ജീവനക്കാർക്ക് ഭക്ഷ്യകിറ്റോ ധനസഹായമോ നൽകാൻ കമ്പനികൾ തയ്യാറായിട്ടില്ല. സ്വകാര്യ മേഖലയായതിനാൽ സർക്കാർ സഹായവും ലഭിക്കുന്നില്ല. 18 മുതൽ 55 വയസ് വരെ പ്രായമുള്ള ഇരുനൂറോളം ഡയറക്ട് മാർക്കറ്റിംഗ് ജീവനക്കാരാണ് ജില്ലയിൽ ഉള്ളത്. ഇത്രയും പേർ ഓരോ വീടുകളിലും കയറിയിറങ്ങുന്നത് ഹൈ റിസ്ക് തന്നെയാണ്.

ദുരിതത്തിന്റെ യഥാർത്ഥമുഖം

ദിവസം 15 ഉത്പന്നം വിൽക്കണമെങ്കിൽ 50 വീടുകളിലെങ്കിലും കയറിയിറങ്ങണം. ഓരോ ദിവസവും ഓരോ പ്രദേശം കേന്ദ്രീകരിച്ചാണ് വില്പന. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴിവാക്കുന്നുണ്ടെങ്കിലും എവിടെനിന്നും കൊവിഡ് പകരാം എന്ന ഭയത്തിലാണ് തൊഴിലാളികൾ.

ഉത്പന്നങ്ങൾ വിൽക്കുന്നതനുസരിച്ചുള്ള കമ്മീഷനാണ് വരുമാനം. ചെലവായില്ലെങ്കിൽ കമ്മീഷനും ലഭിക്കില്ല.

കൊവിഡ് ഭീതി എന്നതിലുപരി ആളുകളുടെ കൈയിൽ പണമില്ലാത്തതിനാൽ കാര്യമായ വില്പനയൊന്നും നടക്കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. കൊവിഡിന് മുൻപ് മാസം 15,000 രൂപ നേടിയിരുന്നവർക്ക് ദിവസം മുഴുവൻ അലഞ്ഞിട്ടും 8000 രൂപ പോലും കണ്ടെത്താൻ സാധിക്കുന്നില്ല. വീടുകളൊന്നും ഇവർക്ക് മുന്നിൽ തുറക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇവരുടെ കുടുംബങ്ങൾ മുഴുപ്പട്ടിണിയിലേക്കാണ് നീങ്ങുന്നത്.

ആവശ്യങ്ങൾ

മാസ്ക്, സാനിറ്റെസർ, കൈയുറ എന്നിവ നൽകുക

വിൽക്കേണ്ട ഉത്പന്നങ്ങളുടെ എണ്ണം കുറക്കുക

പ്രത്യേക ധനഹായം നൽകുക

സർക്കാർ ധനസഹായ പാക്കേജ് വേണം

'ഭൂരിഭാഗം വീടുകളിൽ നിന്നും മോശമായ പ്രതികരണമാണ് ലഭിക്കുന്നത്. ആരും ഉത്പന്നങ്ങൾ വാങ്ങുന്നില്ലെന്ന് മാത്രമല്ല സംസാരിക്കാൻ പോലും തയ്യാറാകുന്നില്ല. നിരവധി വീടുകളിൽ കയറിയിറങ്ങി സ്വന്തം വീടുകളിൽ തിരിച്ചെത്തുമ്പോൾ പ്രായമായവരും കുട്ടികളുമുള്ളതിനാൽ ഭയമാണ്. സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം.'

മനു വർഗീസ്

ഡയറക്ട് മാർക്കറ്റിംഗ് ജീവനക്കാരൻ