ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ യുവാക്കളുടെയും കായിക പ്രേമികളുടെയും ചിരകാല അഭിലാഷമായ മിനിഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. ഇത് തുറന്നു നൽകുന്നതോടെ കൂടുതൽ പേർക്ക് കായിക മേഖലയിലേക്ക് കടന്നുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. യുവാക്കളിലും മുതിർന്നവരിലും കായികാഭ്യാസത്തിലൂടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഇൻഡോർസ്റ്റേഡിയം നിർമ്മിക്കാൻ തീരുമാനിച്ചത്. ഷട്ടിൽ കോർട്ടിനായിട്ടാണ് സ്റ്റേഡിയം നിർമ്മിക്കുന്നത്.കേരളോത്സവം ഉൾപ്പെടെയുള്ള ഷട്ടിൽ ടൂർണമെന്റുകൾ നടത്താനായി സ്വകാര്യ ഇൻഡോർ സ്റ്റേഡിയങ്ങളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. ഇതിനായി ഭീമമായ തുകയാണ് പഞ്ചായത്ത് വാടകയിനത്തിൽ നൽകുന്നത്. പലപ്പോഴും മത്സരങ്ങൾ നടത്താൻ സ്റ്റേഡിയങ്ങൾ കിട്ടാത്തതിനാൽ മത്സരങ്ങൾ ഉപേക്ഷിക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്.
ചെലവ് 65 ലക്ഷം രൂപ
നാൾ വഴിയെ...
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുളപ്പടയ്ക്ക് സമീപത്തായി 10 സെന്റ് വസ്തു 10 ലക്ഷം രൂപ നൽകിയാണ് ആദ്യം വാങ്ങിയത്. തുടർന്ന് സമീപവാസിയായ തങ്കപ്പൻ ചെട്ടിയാർ തന്റെ മകൻ അജിത്തിന്റെ സ്മരണാർത്ഥം 5 സെന്റ് സ്ഥലം കൂടി സ്റ്റേഡിയത്തിന് നൽകി. തുടർ പ്രവർത്തനങ്ങൾക്ക് പണമില്ലാതായതോടെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമ്മാണത്തിന് ജില്ലാ പഞ്ചായത്തിനെ സമീപിച്ചു. ജില്ലാ പഞ്ചായത്ത് ആദ്യഘട്ടത്തിൽ 30 ലക്ഷം രൂപയും പിന്നീട് 20 ലക്ഷം രൂപയും അനുവദിച്ചു.5 ലക്ഷം രൂപ ഗതാഗത സൗകര്യം ഒരുക്കുന്നതിന് അനുവദിച്ചതോടെ സ്റ്റേഡിയം നിർമ്മാണം വേഗത്തിലായി.
ഇൻഡോർ സ്റ്റേഡിയം
11 മീറ്റർ വീതി
21മീറ്റർ നീളം
സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തോട് ചേർന്ന് കാണികൾക്കായി ഗാലറിയും സജ്ജീകരിച്ചിട്ടുണ്ട്.
പുറത്ത് ഡ്രസിംഗ് റൂം, ഓഫീസ്,ടോയ്‌ലെറ്റ് എന്നിവയും ഉണ്ടാകും.
സ്റ്റേഡിയം യാഥാർത്ഥ്യമാകുന്നതോടെ ആരോഗ്യമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കാം. വിദൂര സ്ഥലങ്ങളിൽ പോയി കളിച്ചിരുന്ന യുവാക്കൾക്ക് പുതിയ സ്റ്റേഡിയം അനുഗ്രഹമാകും.
-വി.വിജുമോഹൻ, ജില്ലാപഞ്ചായത്ത് അംഗം.
ഉഴമലയ്ക്കലിലെ യുവാക്കളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. ഇപ്പോൾ മറ്റ് സ്ഥലങ്ങളിലുള്ള സ്വകാര്യ ഇൻഡോർ സ്റ്റേഡിയത്തിലാണ് അമിതമായ ഫീസ് നൽകി കളിക്കാൻ പോകുന്നത്.സ്റ്റേഡിയം നിർമ്മാണം പൂർത്തിയാകുന്നതോടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഇത് ഉപയോഗപ്രദമാകും.
-എ.റഹിം, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
ഫോട്ടോ....................ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പടയിൽ നിർമ്മാണം പൂർത്തിയാകുന്ന ഇൻഡോർ സ്റ്റേഡിയം