തിരുവനന്തപുരം: സർക്കാർ പദ്ധതികൾക്ക് വിദേശ കൺസൾട്ടൻസികൾ പാടില്ലെന്ന സമീപനം പാർട്ടിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടി പ്ലീനം അങ്ങനെ തീരുമാനിച്ചിട്ടില്ല. കൺസൾട്ടൻസികൾ കരിമ്പട്ടികയിൽ പെട്ടതാവരുത്, വ്യവസ്ഥകൾ പരിശോധിക്കണം എന്നീ കാര്യങ്ങളേ ഉള്ളൂ.
കരുണാകരന്റെ കാലം മുതൽ കോൺഗ്രസ് കൺസൾട്ടൻസികളുടെ സേവനമുപയോഗിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരും വിവിധ സംസ്ഥാനസർക്കാരുകളും കൺസൾട്ടൻസികളെ ഉപയോഗിക്കുന്നു. രാമക്ഷേത്രം നിർമ്മിക്കാനും കേന്ദ്രം അവരെയാണിപ്പോൾ ഉപയോഗിക്കുന്നത്.
പി.എസ്.സി നിയമനങ്ങളെ ബാധിക്കില്ല
സർക്കാർ പദ്ധതികളുടെ കൺസൾട്ടൻസി കരാർ നിയമനങ്ങൾ പി.എസ്.സി വഴിയുള്ള നിയമനങ്ങളെ ബാധിക്കുന്നതല്ല. കൺസൾട്ടൻസി നിയമനങ്ങൾ അതത് കൺസൾട്ടൻസികൾ തീരുമാനിക്കുന്നതാണ്. സർക്കാരിന് പങ്കില്ല. പ്രത്യേക പദ്ധതികൾക്ക് താത്കാലികമായിട്ടാണത്. പി.എസ്.സി വഴി നിയമനം നടത്താനാവുന്ന തസ്തികകളിൽ ഇത്തരം നിയമനങ്ങൾ പറ്റില്ല. ആക്ഷേപമുണ്ടെങ്കിൽ പരിശോധിച്ചേ പറയാനാകൂ.
മന്ത്രിമാരുടെ ഓഫീസിൽ കഴിവുള്ളവർ
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളിലുള്ളത് കഴിവുള്ളവരാണ്. ഓഫീസിൽ എത്ര പാർട്ടി സംസ്ഥാനകമ്മിറ്റിയംഗങ്ങളുണ്ടെന്ന് നോക്കിയല്ല മികവ് തീരുമാനിക്കപ്പെടുക. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ രണ്ട് പേരുണ്ടായിരുന്നു. ഇപ്പോൾ ഒരു സഖാവ് മാത്രം. മുൻകാലങ്ങളിലും ഒരാൾ മാത്രമുണ്ടായിട്ടുണ്ട്.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ എന്നോട് പറഞ്ഞത് മാദ്ധ്യമങ്ങളോട് പറയാനാണെങ്കിൽ ഞങ്ങൾ തമ്മിൽ സംസാരിക്കേണ്ട കാര്യമില്ലല്ലോ. പാർട്ടി സെന്ററിനോട് രഹസ്യമായി പറയേണ്ടതാണത്. സർക്കാർ പ്രോജക്ടുകൾ നടപ്പാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കണം, പ്രഖ്യാപിച്ചവ മാറ്റിവയ്ക്കാതെ വേഗത്തിലാക്കണം തുടങ്ങിയ കാര്യങ്ങൾ അവരോട് നിർദ്ദേശിച്ചു. പ്രൈവറ്റ്സെക്രട്ടറിമാരുടെ യോഗം വിളിക്കുന്നതിൽ തെറ്റില്ല. ആറ് മാസത്തിലൊരിക്കൽ വിളിക്കാറുള്ളതാണ്. കൊവിഡും മറ്റുമായതിനാൽ ഇപ്രാവശ്യം നീണ്ടുപോയി. സർക്കാർശമ്പളം നൽകുന്ന ജീവനക്കാരാണ് പ്രതിപക്ഷനേതാവിന്റെ ഓഫീസിലും. ആ ഉദ്യോഗസ്ഥരെയാണ് അദ്ദേഹം സർക്കാരിനെനതിരെ പ്രവർത്തിക്കാൻ ഉപയോഗിക്കുന്നതെന്നും കോടിയേരി പറഞ്ഞു.