കോവളം: സ്വന്തം ജീവൻ പോലും പണയം വച്ച് രക്ഷാപ്രവർത്തനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനായ റഷീദാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. വിഴിഞ്ഞം സ്‌റ്റേഷനിലെ സി.പി.ഒ ആയ റഷീദിന്റെ സമയോചിതമായ ഇടപെടലാണ് കടലിടുക്കിലേക്ക് എടുത്ത് ചാടിയ സ്ത്രീയുടെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. കടൽത്തീരത്തേക്ക് വഴി ചോദിച്ച സ്ത്രീയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഒരു സ്‌കൂട്ടർ യാത്രക്കാരി വിഴിഞ്ഞം ചപ്പാത്ത് ചെക്ക് പോസ്റ്റിന് സമീപം പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദിനെ വിവരം അറിയിച്ചു. വഴിചോദിച്ചെത്തിയ സ്ത്രീ ആഴിമല ശിവക്ഷേത്രം റോഡിലേക്കാണ് പോയതെന്ന് മനസിലാക്കിയ റഷീദ് പിറകെ വിട്ടു. വിവരം ഉടൻ വിഴിഞ്ഞം സ്റ്റേഷനിലും കൈമാറി. ക്ഷേത്രത്തിന് താഴെയുള്ള പടിക്കെട്ടിലൂടെ ഓടിയിറങ്ങുന്ന സ്ത്രീയോട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതൊന്നും കേൾക്കാൻ കൂട്ടാക്കാതെ യുവതി കൈയിൽ സൂക്ഷിച്ച മൊബൈൽ ഫോണും താക്കോലും വലിച്ചെറിഞ്ഞു വഴുക്കലുള്ള പാറക്കെട്ടിലേക്ക് ചാടുകയായിരുന്നു. എന്നാൽ രണ്ടാമതൊന്ന് ആലോചിച്ചു നിൽക്കാതെ റഷീദും കൂടെ ചാടി രക്ഷപ്പെടുത്തി. കാലടി സൗത്ത് സ്വദേശിയായ സ്ത്രീ വീട്ടുകാരുമായി പിണങ്ങിയാണ് വീടുവിട്ട് ഇറങ്ങിയത്. ഫോർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തി വൈകിട്ടോടെ മടക്കിക്കൊണ്ടുപോയി. കാട്ടാക്കട അരുമാളൂർ സ്വദേശിയായ റഷീദ് വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിലാണ് താമസം. ധീരമായ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് ഫേസ്ബുക്ക് പേജിൽ അഭിനന്ദങ്ങളുമായി എത്തുന്നത്. സിവിൽ പൊലീസ് ഓഫീസറായ ഷിബി ടി. നായർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.