chala

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിച്ചതോടെ അടച്ച ചാല കമ്പോളത്തിൽ ഇന്നലെ തുറന്നത് ചില പൂക്കടകളും പുറത്തുള്ള വഴിയോര കച്ചവടക്കാരും മാത്രം. സമ്പർക്ക വ്യാപനം ക്രമാതീതമായി കൂടിയ സാഹചര്യത്തിലാണ് നഗരത്തിലെ പ്രധാന വിപണന കേന്ദ്രം അടച്ചിടാൻ വ്യാപാരി സംഘടനകളും ട്രേഡ് യൂണിയനുകളും സംയുക്തമായി തീരുമാനിച്ചത്. മൂന്നു ദിവസത്തേക്ക് അടച്ച മാർക്കറ്റിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതിനടക്കമുള്ള കടകൾ തുറക്കുമെന്ന് ചില വ്യാപാരികൾ പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ബദൽ മാർഗങ്ങൾ ഒരുക്കാത്തത് ചില്ലറ വിൽപ്പനക്കാരെ ബാധിച്ചു. സ്ഥിരമായി ചാലയിലെ മൊത്ത കച്ചവടക്കാരെ ആശ്രയിക്കുന്ന ചില്ലറ വിൽപ്പനക്കാർക്ക് പെട്ടെന്നുള്ള തീരുമാനം തിരിച്ചടിയായി. ഇതോടെ നഗരത്തിലെ മിക്ക കടകളും തുറക്കാനായിട്ടില്ലെന്ന് വ്യാപാരികൾ പറഞ്ഞു. ഞായറാഴ്ച വരെ മാർക്കറ്റുകൾ തുറക്കില്ലെന്നാണ് തൊഴിലാളികളും വ്യാപാരികളും വ്യക്തമാക്കിയത്. അതേസമയം മൂന്നു ദിവസം തുടർച്ചയായി ചാലയിലും കരിമഠത്തും നടന്ന ആന്റിജെൻ പരിശോധന ഇന്നലെ നടത്തിയില്ല. മൂന്നു ദിവസമായി 30ഓളം പേർക്ക് ഇൗ രണ്ടു മേഖലകളിലും പോസിറ്റീവായെന്നാണ് വിവരം. എന്നാൽ ഇത് ഔദ്യോഗികമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. രോഗ വ്യാപനം ഉയർ‌ന്നേക്കുമെന്ന ആശങ്കയുണ്ടായിട്ടും അധികൃതർ ചാല കമ്പോളത്തിൽ മതിയായ ജാഗ്രത കാണിച്ചില്ലെന്നും ആക്ഷേപമുയ‌ർന്നു. തിരക്കേറിയ ചാല കമ്പോളത്തിൽ മറ്റ് മാർഗങ്ങൾ അനുശാസിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടാണ് അടച്ചിടാൻ തീരുമാനിച്ചതെന്ന് വ്യാപാരികളും തൊഴിലാളികളും പറഞ്ഞു. വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചതായി തൊഴിലാളികൾ പറഞ്ഞു.