തിരുവനന്തപുരം: മഴ ചതിച്ചാലും ഡാമുകൾ നിറഞ്ഞില്ലെങ്കിലും ഒക്ടോബർ മുതൽ കേരളം പവർക്കട്ടില്ലാത്ത സംസ്ഥാനമാകും. ഇതിനായി സംസ്ഥാനത്തെ ഏറ്റവും വലിയ പവർ സ്റ്റേഷനാണ് തൃശൂരിലെ മണ്ണുത്തിക്കടുത്തുള്ള മാടക്കത്തറയിൽ പൂർത്തിയാകുന്നത്. സെപ്തംബർ അവസാനത്തോടെ നിർമ്മാണം പൂർത്തിയാകും. 2018 മേയിലാണ് പ്രസരണ ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനം തുടങ്ങിയത്. പവർഗ്രിഡ് കോർപറേഷനാണ് നിർമ്മാണച്ചുമതല.
ഇവിടേക്ക് തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പുകലൂർ നിലയത്തിൽ നിന്ന് രണ്ടായിരം മെഗാവാട്ട് വൈദ്യുതി എത്തിക്കും. ഛത്തീസ്ഗണ്ഡിലെ റയ്ഗാർ നിന്ന് പുകലൂർ വൈദ്യുതി നിലയത്തിലെത്തിച്ച വൈദ്യുതിയാണ് ഹൈ വോൾട്ടേജ് ഡയറക്ട് കറണ്ടായി (എച്ച്.വി.ഡി.സി) മാടക്കത്തറ 400 കെ.വി സബ് സ്റ്റേഷനിലെത്തിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് എച്ച്.വി.ഡി.സിയായി വൈദ്യുതി ഒരു സബ് സ്റ്റേഷനിലെത്തിക്കുന്നത്. ഇതിൽ പ്രസരണനഷ്ടം കുറവായിരിക്കും.
കഴിഞ്ഞ വർഷം കൂടംകുളത്തു നിന്ന് കൊച്ചി - ഇടമൺ പ്രസരണ ഇടനാഴിയിലൂടെ വൈദ്യുതി എത്തിച്ചിരുന്നു. പുതിയ പ്രസരണ ഇടനാഴി വരുന്നതോടെ വൈദ്യുതി ക്ഷാമം അടഞ്ഞ അദ്ധ്യായമാകും.
ലൈനുകൾ ഭൂമിക്കടിയിലൂടെ
വടക്കാഞ്ചേരി വരെ ലൈനിലൂടെ എത്തുന്ന പ്രസരണം അവിടം മുതൽ ഭൂമിക്കടിയിലിടുന്ന കേബിളിലൂടെയാണ് സബ് സ്റ്റേഷനിലെത്തുന്നത്. കുതിരാൻ തുരങ്കം വഴിയാണ് കേബിളിടുന്നത്.
കണക്കുകൾ ഇങ്ങനെ
ആകെ ദൂരം-165 കി.മീ
തമിഴ്നാട്ടിൽ-72 കി.മീ
വടക്കാഞ്ചേരി വരെ- 69.7 കി.മീ
ഭൂമിക്കടിയിലൂടെ-23.3 കി.മീ
വൈദ്യുതിക്ക് വില കൂടും
പുതിയ വൈദ്യുതി ലൈനിലൂടെ സംസ്ഥാനത്തിന് വേണ്ട വൈദ്യുതി ലഭിക്കുമെങ്കിലും അതെല്ലാം വില കൊടുത്താണ് വാങ്ങേണ്ടത്. സംസ്ഥാനത്തിനകത്ത് ഉത്പാദനം കുറഞ്ഞാൽ വൈദ്യുതി നിരക്ക് കൂടുന്നതിന് കാരണമാകും.