തിരുവനന്തപുരം: കീം പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള ആളുകളുടെ സ്രവ പരിശോധന തുടരുന്നു. ഇതുവരെ ആർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളിൽ തന്നെ ടെസ്റ്റ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. വലിയതുറ സെന്റ്. ആന്റണീസ് സ്കൂളിൽ പരീക്ഷയെഴുതിയ പൂന്തുറ സ്വദേശി, തൈക്കാട് കേന്ദ്രത്തിൽ പരീക്ഷയെഴുതിയ പൊഴിയൂർ സ്വദേശി, കരമനയിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശി, കൈമനത്ത് പരീക്ഷയെഴുതിയ കൊല്ലം അഞ്ചൽ സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതാനെത്തിയ കുട്ടിയുടെ പിതാവ് മണക്കാട് സ്വദേശിക്കും കൊവിഡ് കണ്ടെത്തിയിരുന്നു. ടെസ്റ്റ് പൂർത്തിയായവരെല്ലാം നെഗറ്റീവായത് വലിയ ആശ്വാസമാണ് നൽകുന്നത്. അതിനിടെ പരീക്ഷാ കേന്ദ്രത്തിന് സമീപം കൂട്ടം കൂടിയ രക്ഷിതാക്കൾക്കെതിരെ കേസുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. മെഡിക്കൽ കോളേജ്, മ്യൂസിയം സ്റ്റേഷനുകളിലായി കണ്ടാലറിയാവുന്ന 600ഓളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെ തിരിച്ചറിയാനുള്ള നടപടി നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പരീക്ഷ മാറ്റിവയ്ക്കാതെയും പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം കൂട്ടാതെയുമിരുന്ന സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് ഇത്തരത്തിൽ കേസെടുത്തതെന്ന് രക്ഷാകർത്താക്കളുടെ ആരോപണം.