yathra
രോഗം ഭേദമായവരെ നെടുങ്ങണ്ട ബി.എഡ് ട്രെയിനിംഗ് കോളേജിലെ കൊവിഡ് കെയർ സെന്ററിൽ നിന്ന് യാത്രയാക്കുന്നു

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന കൊവിഡ് പരിശോധനയിൽ ഇന്നലെയും 24 പേർക്ക് രോഗം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങിൽ 50 പേരെ പരിശോധിച്ചതിൽ 10 പേർക്കും ചിറയിൻകീഴ് പുളുന്തുരുത്തിയിൽ നടത്തിയ 47 പേരുടെ പരിശോധനയിൽ 14 പേർക്കും രോഗം സ്ഥിരീകരിച്ചു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സ്രവ പരിശോധന തുടരുകയാണ്. നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണ ബാബുവിന്റെ നേതൃത്വത്തിലുള്ള ഡോ. ദീപക്, ഡോ.അശ്വനി രാജ്, ഡോ.സരിത, ഡോ. ജാതവേതസ് മോഹൻലാൽ, ഡോ.വീണ, ഡോ.നബൽ, ഡോ.അശ്വതി,സ്റ്റാഫ് നഴ്സുമാരായ അമൽ, അനീഷ് എന്നിവരടങ്ങിയ ടീമാണ് പരിശോധന നടത്തുന്നത്.
അഞ്ചുതെങ്ങിലുള്ള 8 പേർക്കും പുതുക്കുറുച്ചിയിലുള്ള 9 പേർക്കും ഇന്നലെ രോഗം ഭേദമായി. അകത്തുമുറി എസ്.ആർ മെഡിക്കൽ കോളേജിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു 6 പേരും നെടുങ്ങണ്ട ബി.എഡ്. ട്രെയിനിംഗ് കോളേജിലെ കൊവിഡ് സെന്ററിൽ നിന്നു 2 പേരുമാണ് പുറത്തിറങ്ങിയത്. നെടുങ്ങണ്ടയിൽ നിന്നിറങ്ങിയ ബാക്കി 9 പേർ പുതുക്കുറുച്ചി നിവാസികളാണ്. രോഗം ഭേദമായി പുറത്തിറങ്ങിയവർക്ക് പൂക്കൾ നല്കിയും കരഘോഷങ്ങളോടെയും യാത്രയാക്കി. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, നോഡൽ ഓഫീസർ ഡോ.രാമകൃഷ്ണ ബാബു, സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രദാസ്, ജനമൈത്രി പൊലീസ് സുനിൽകുമാർ, വൈസ് പ്രസിഡന്റ് യേശുദാസൻ, ഡോ. ജാതവേതസ് മോഹൻലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ നെൽസൻ ഐസക്, രജിതാ മനോജ്, വിഷ്ണുമോഹൻ എന്നിവരുൾപ്പെടെ ചേർന്നാണ് യാത്രയാക്കിയത്.