തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എം.പി ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഇതുവരെയും ചെലവഴിച്ചിട്ടില്ലെന്ന് ആരോപിച്ച് അടൂർ പ്രകാശ് എംപി.മാർച്ച് മാസത്തിൽ തന്നെ മണ്ഡലത്തിലെ വർക്കല,ചിറയിൻകീഴ്, നെടുമങ്ങാട്,കാട്ടാക്കട എന്നീ താലൂക്കുകളിലെ സർക്കാർ ആശുപത്രികളിൽ രോഗ പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് കളക്ടർക്ക് കത്ത് നൽകിയിരുന്നു.അന്നത്തെ കളക്ടർ ഒരു നടപടിയും സ്വീകരിക്കാതിരുന്നതിനാൽ ഏപ്രിൽ ഒൻപതിന് വീണ്ടും ഇത് ഓർമ്മപ്പെടുത്തി കത്ത് നൽകി.ഏപ്രിൽ 23ന് ഫണ്ട് ചെലവഴിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തുകയും അഞ്ച് സർക്കാർ ആശുപത്രികളിലേക്ക് വേണ്ട പ്രതിരോധ ഉപകരണങ്ങളുടെ പട്ടിക കളക്ടർ അംഗീകരിക്കുകയും ചെയ്തു.
ഉത്തരവ് പ്രകാരം ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയ്ക്കും ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയ്ക്കും 11,66,199 രൂപ വീതവും വർക്കല താലൂക്ക് ആശുപത്രിക്ക് 9,76,921 രൂപയും നെടുമങ്ങാട് താലൂക്ക് ആശുപത്രി, മലയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ 8,44,695 രൂപയും വീതവും അനുവദിച്ചു. എന്നാൽ ഈ തുക ചെലവഴിക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുവരെയും ഉണ്ടായിട്ടില്ല.തുക ചെലവഴിച്ച് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്ഥാപിക്കണമെന്ന് കാട്ടി കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നൽകി. ഫണ്ട് വിനിയോഗിക്കുന്നതിൽ സർക്കാർ തലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഉണ്ടായ വീഴ്ച അന്വേഷിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.