cc

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഉടൻ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഓൺലൈനിലൂടെ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇപ്പോൾ നടക്കുന്ന ക്ളസ്റ്റർ തിരിച്ചുള്ള പ്രതിരോധ നടപടികൾ കൂടുതൽ ശക്തിപ്പെടുത്തും.

രോഗവ്യാപന തോത് കഴിഞ്ഞ ദിവസത്തേക്കാൾ കുറഞ്ഞത് ആശ്വാസമാണ്. കൂടുതൽ രോഗമുക്തിയുമുണ്ട്. സമ്പൂർണ ലോക്ക് ഡൗൺ വേണമെന്നും വേണ്ടെന്നും യോഗത്തിൽ അഭിപ്രായമുണ്ടായി. ഭൂരിപക്ഷത്തിനും വേണ്ടെന്ന അഭിപ്രായമായിരുന്നു. എന്നാൽ ആവശ്യമായ ഘട്ടം വരുമെങ്കിൽ ലോക്ക് ഡൗണിനെപ്പറ്റി ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ അടച്ചിടൽ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴിവയ്ക്കുമെന്നും കാർഷികമേഖലയിൽ പ്രശ്നങ്ങൾ രൂക്ഷമാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.സമ്പൂണ ലോക്ക് ഡൗൺ പട്ടിണി മരണങ്ങൾക്കിടയാക്കുമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി ജോർജ് കുര്യനും പറഞ്ഞു.കൊവിഡ് പരിശോധനാ ഫലം വേഗത്തിലാക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.